ഭാഗം  I

ആമുഖം

സര്‍,

·                   കേരളത്തെ സംബന്ധിച്ചിടത്തോളം അതിജീവന ത്തിന്റെയും വീണ്ടെടുപ്പിന്റെയും വര്‍ഷമാകും വരാന്‍ പോകുന്നത് എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗം ഞാന്‍ ആരംഭിച്ചത്.  ആ പ്രതീക്ഷ യാഥാര്‍ത്ഥ്യമായി എന്ന സന്തോഷം അറിയിച്ചുകൊണ്ട് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസംഗം ആരംഭിക്കാം. 

·                   സര്‍, കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചുവന്നിരിക്കുന്നുവെന്നാണ് സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.  നോട്ടുനിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി നടപ്പിലാക്കല്‍, ഓഖി ദുരന്തം, പ്രളയങ്ങള്‍, മഹാവ്യാധി, സാമ്പത്തിക തകര്‍ച്ച, യുദ്ധം, വിലക്കയറ്റം തുടങ്ങി ഒന്നിനുപിറകേ മറ്റൊന്ന് എന്ന മട്ടില്‍ 2016 മുതല്‍ വന്ന വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കാനും അതിജീവിക്കാനും നമുക്ക് കഴിഞ്ഞു.  2021-22-ല്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം സ്ഥിരവിലയില്‍ 12.01 ശതമാനം കണ്ട് വളര്‍ന്നു. 2020-21 കോവിഡ് കാലഘട്ടത്തില്‍ സമ്പദ്ഘടന 8.43 ശതമാനം കണ്ട് തളരുകയാണുണ്ടായത്.  2019-20-ലാകട്ടെ വളര്‍ച്ച കേവലം 0.9 ശതമാനമായിരുന്നു.  ഉല്പാദന മേഖലയെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച നമുക്ക് നേടാനായി എന്നതാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2021-22-ലെ സാമ്പത്തിക വളര്‍ച്ചയുടെ പ്രത്യേകത.  കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനവും വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനവും വളര്‍ച്ചാ നിരക്കു് കൈവരിച്ചത് സമീപകാല ചരിത്രത്തിലാദ്യമായാണ്.  വ്യാവസായിക മേഖലയ്ക്കു ള്ളില്‍ ഉല്പന്നനിര്‍മ്മാണ മേഖലയിലാണ് (manufacturing) നിര്‍ണ്ണായകമായ വളര്‍ച്ചാനിരക്ക് കൈവരിക്കാനായത് (18.9 ശതമാനം).  ഇത്തരത്തില്‍ സമ്പദ് വ്യവസ്ഥയെ പുനരൂദ്ദീപിപ്പിച്ച് ഉല്പാദനവും അതുവഴി വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇടത് സര്‍ക്കാരിന്റെ നയം.  2022-23 വര്‍ഷത്തെ ആഭ്യന്തര ഉല്‍പ്പാദനം 9.99 ലക്ഷം കോടിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.  എന്നാല്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം 10.18 ലക്ഷം കോടി രൂപയായി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിച്ചു.  ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയോടൊപ്പം തന്നെ തനത് വരുമാനത്തിലും വര്‍ദ്ധനവുണ്ടായി. 2020-21-ല്‍
54
,955.99 കോടി രൂപയായിരുന്ന തനത് വരുമാനം
2021-22-ല്‍ 68
,803.03 കോടി രൂപയായി ഉയര്‍ന്നു.
  നടപ്പ് സാമ്പത്തികവര്‍ഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇത് മികച്ച നേട്ടമാണ്.

·                   കേരളത്തെ സംബന്ധിച്ച നല്ല വാര്‍ത്തകള്‍ക്ക് ഒരു ക്ഷാമവുമില്ല.  അവ നന്നായി ചര്‍ച്ചചെയ്യപ്പെടുന്നതിനു അളവറ്റ പ്രാധാന്യമുണ്ട്.  കേരള വികസന മാതൃകയുടെ നേട്ടങ്ങളെ മാത്രമല്ല, കേരളത്തെ തന്നെ ഇകഴ്ത്തിക്കാട്ടുന്നതില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന സംഘടിത പരിശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

·                   സര്‍, കേരളവികസന മാതൃകയുടെ നേട്ടങ്ങളെ ഇടതുപക്ഷത്തിന്റെ മാത്രം സംഭാവനയായി ഞങ്ങള്‍ ഒരിക്കലും ചിത്രീകരിക്കാറില്ല.  കേരളമാതൃകയുടെ നിര്‍മ്മിതിയില്‍ ഓരോ കേരളീയനും പങ്കുണ്ട്.  പക്ഷേ, ഒരു വിഭാഗം വിമര്‍ശകര്‍ ശ്രമിക്കുന്നത് കേരളത്തെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത നാടായി ചിത്രീകരിക്കാനാണ്.  അതുവഴി നമ്മുടെ യുവതലമുറയുടെ പ്രതീക്ഷകള്‍ തകര്‍ക്കാനാണ്.  ഈ ദോഷൈകദൃക്കുകളെ നിരാശ പ്പെടുത്താതിരിക്കാന്‍ കേരളത്തിന് കഴിയില്ല.  ആളോഹരി വരുമാനം, ആളോഹരി ഉപഭോഗച്ചെലവ്, മാനവ വികസന സൂചിക, സുസ്ഥിര വികസന സൂചിക തുടങ്ങിയ ഒട്ടേറെ മാനദണ്ഡങ്ങള്‍ പ്രകാരം കേരളത്തിന്റെ സ്ഥാനം ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ്.  മഹാമാരിക്ക് ശേഷമുള്ള വീണ്ടെടുപ്പിന്റെ കാര്യത്തിലും വകുപ്പുകളും സ്ഥാപനങ്ങളും പ്രാദേശിക ഗവണ്‍മെന്റുകളും നേടുന്ന ബഹുമതികളുടെ കാര്യത്തിലും കേരളത്തിന്റെ പ്രകടനം ദോഷൈകദൃക്കുകളെ നിരാശപ്പെടുത്തുന്നതാണ്.

·                   സര്‍, കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല.  പുറംലോകവുമായി ഏറെ ഇഴുകിച്ചേര്‍ന്നുകൊണ്ടാണ് കേരളത്തിന്റെ സമ്പദ്ഘടന പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് പുറംലോകത്തെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടു മാത്രമേ കേരളത്തിന്റെ വികസന-ധനകാര്യ മാനേജ്മെന്റ് നടത്താനാകൂ.  2022-23-ലേക്കുള്ള  ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ലോകമൊട്ടാകെ രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു. വിലക്കയറ്റത്തെ നേരിടുന്നതി നാവശ്യമായ പണം നീക്കിവെയ്ക്കുകയും ചെയ്തിരുന്നു.  സമഗ്രവും സംയോജിതവുമായ ഇടപെടലിലൂടെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞു.  ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് വിലക്കയറ്റനിരക്കുള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തപ്പെട്ടു.  ഏതാണ്ട് എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഉജ്ജ്വല നേട്ടമാണ്.   വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞു മാറിയിട്ടില്ല എന്നത് പരിഗണിച്ച് ശക്തമായ വിപണി ഇടപെടലുകള്‍ തുടരുന്നതിനായി 2023-24 ലേയ്ക്ക് 2000 കോടി രൂപ വകയിരുത്തുന്നു.

·                   സര്‍,  കാലാവസ്ഥാ വ്യതിയാനത്തിന്റെയും, പ്രകൃതിദുരന്തങ്ങളുടെയും, മഹാവ്യാധികളുടെയും ഭീഷണി ആഗോളരംഗത്ത് അവസാനിച്ചിട്ടില്ല.  മിക്കവാറും എല്ലാ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവും കടപ്പെരുപ്പവും തുടരുകയാണ്.  ലോകബാങ്കും ഇതര ഏജന്‍സികളും 2023-ഉം 2024-ഉം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വര്‍ഷങ്ങളാകും എന്നാണ് പ്രവചിക്കുന്നത്. 

·                   സര്‍,  ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ  കയറ്റുമതിയെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയുമുണ്ട്.  ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെയും തോട്ടവിളകളെയും ആഗോള മാന്ദ്യം കൂടുതല്‍ പിന്നോട്ടടിക്കാനുള്ള സാധ്യതയുണ്ട്. സര്‍, നമുക്ക് കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷന്‍ മേഖല കേരളത്തിലാണ്. റബ്ബര്‍ കൃഷിക്കാരൊക്കെ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രനയമാണ് പ്രതിസന്ധിയുടെ മൂല കാരണം. റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി റബ്ബര്‍ സബ്സിഡിക്കുളള ബജറ്റ് വിഹിതം 600 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു.  

·                   വീണ്ടും വിഷയത്തിലേക്ക് വന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞവയേക്കാള്‍ ഗുരുതര മായ ഭീഷണി ഇന്ത്യയുടെ ഫെഡറല്‍- ധനവ്യവസ്ഥ യില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭരണഘടനയുടെ ആത്മാവിന് നിരക്കാത്ത മാറ്റമാണ്.  അധികാര കേന്ദ്രീകരണവും സംസ്ഥാനങ്ങളോടുള്ള, വിശേഷിച്ച് കേരളത്തോടുള്ള അവഗണനയും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

·                   സംസ്ഥാനങ്ങള്‍ക്ക് വീതംവെച്ച് നല്‍കേണ്ട ഡിവിസിബിള്‍ പൂളില്‍ നിന്നും പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിനു ലഭിച്ചുകൊണ്ടിരുന്നത് 3.875 ശതമാനം വിഹിതമായിരുന്നു.  പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലമായപ്പോള്‍ അത്
1.925 ശതമാനമായി കുറഞ്ഞു.  ഇതിലൂടെ പതിനായിര ക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് കേരളത്തിന്റെ വരുമാനത്തില്‍ വര്‍ഷം തോറും കേന്ദ്രം വരുത്തുന്നത്.  റവന്യൂ കമ്മി ഗ്രാന്റില്‍ കേന്ദ്രം കുറവ് വരുത്തിയതുമൂലം ഏകദേശം 6700 കോടി രൂപയുടെ കുറവുണ്ടായി. 

·                   ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതിന്റെ ഫലമായി നടപ്പുവര്‍ഷം ഏകദേശം 7,000 കോടി രൂപയുടെ കുറവാണുണ്ടായത്.  പബ്ലിക് അക്കൗണ്ട് കടബാധ്യതയായി കണക്കാക്കിയ കേന്ദ്രനയം കാരണം  ഒരു വര്‍ഷം ഏകദേശം 10,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. 

·                   കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി തുടങ്ങി ബജറ്റിനു പുറത്ത് ധനം സമാഹരിക്കുന്ന സ്ഥാപനങ്ങളുടെ ബാധ്യതയെ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി പരിഗണിക്കും എന്ന നിലപാടും നമ്മുടെ കടമെടുക്കാനുള്ള ശേഷിയെ പരിമിതപ്പെടുത്തുകയാണ്.  ഈ വകയിലും 3100 കോടി രൂപയുടെ കുറവുണ്ടാവും.  വിപണിയില്‍ നിന്നുള്ള കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്തിയത് മൂലം വിഭവസമാഹരണത്തില്‍ ഏകദേശം 4000 കോടി രൂപയുടെ കുറവാണുണ്ടായത്.

·                   കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വീതംവയ്പ്പിലും കേരളം അവഗണിക്കപ്പെടുകയാണ്. ഈ സാഹചര്യത്തെ കേരളജനതയോട് കൂറുള്ള ആര്‍ക്കെങ്കിലും ന്യായീകരിക്കാനാവുമോ?  ഈ അവഗണനയെ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണ് നില്‍ക്കുന്നത്?  ഈ സാഹചര്യത്തിലും സംസ്ഥാന ത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനും ഉല്പാദനമേഖലയിലേയും സാമൂഹ്യ സുരക്ഷാ മേഖല യിലേയും ചെലവുകള്‍ക്കും യാതൊരു മുടക്കവും വരുത്തിയിട്ടില്ല എന്നു മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്ക്കരിച്ചു എന്നതും സവിശേഷമായി ശ്രദ്ധിക്കേണ്ട സംഗതിയാണ്.  2020-21-ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടിവന്നത് 46,754 കോടി രൂപയായിരുന്നെങ്കില്‍
2021-22 ലെത്തിയപ്പോള്‍ അത് 71
,393 കോടി രൂപയായി ഉയര്‍ന്നു.
ഇതിലൂടെ മാത്രം 24,000 കോടിയോളം രൂപയുടെ അധിക ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.  ഇതു കൂടാതെ കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷനടക്കമുള്ള ചെലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 3376.88 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം 1325.77 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. ഒരു വശത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര ഭീമമായ വിഭവശോഷണവും മറുവശത്ത് അധികമായി ഏറ്റെടുക്കേണ്ടി വന്ന ചെലവ് ബാധ്യതയും. ഇത് രണ്ടും ചേര്‍ത്തു വായിച്ചാണ് സര്‍ക്കാരിന്റെ ധനഞെരുക്കത്തെ സമഗ്രമായി വിലയിരുത്തേണ്ടത്. 

·                   2023-24 സാമ്പത്തിക വര്‍ഷം നടപ്പ് വര്‍ഷത്തെക്കാള്‍ വലിയ ധനഞെരുക്കമാണ് പ്രതീക്ഷിക്കുന്നത്. അതിനു കാരണം റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ 2022-23-നെ അപേക്ഷിച്ച് ഉണ്ടാവാന്‍ പോകുന്ന 8,400 കോടി രൂപയുടെ കുറവും GST നഷ്ടപരിഹാരം നിര്‍ത്തലാക്കിയ വകയില്‍ നഷ്ടപ്പെടുന്ന ഏകദേശം 5700 കോടി രൂപയും കടപരിധിയിലെ കുറവ് മൂലമുണ്ടാകുന്ന ഏകദേശം
5000 കോടി രൂപയുടെ വിഭവനഷ്ടവും അടുത്ത വര്‍ഷം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കാന്‍ സാധ്യതയുള്ള കടവും കൂടി കടമെടുപ്പ് പരിധിയില്‍ കുറയുന്നതുമൊക്കെയാണ്. സംസ്ഥാനം സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറി വളര്‍ച്ചയുടെ പാതയില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

·                   സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത് ഒരു ഹാര്‍ഡ് ബജറ്റ് പ്രതിബന്ധമാണ് (Hard Budget Constraint) എന്നത് നാം മനസ്സിലാക്കണം. കേന്ദ്രം നിശ്ചയിക്കുന്ന ഒട്ടും അയവില്ലാ ത്തതും കര്‍ശനവുമായ പരിധിയ്ക്കപ്പുറം കടക്കാന്‍ ഇന്നത്തെ നിലയില്‍ സംസ്ഥാനത്തിന് കഴിയില്ല.  സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ പരിമിത മാണ്.  വായ്പാ പരിധിയും കര്‍ശനമായി നിയന്ത്രിക്ക പ്പെട്ടിരിക്കുന്നു.   ഈ സ്ഥിതിവിശേഷം കക്ഷിരാഷ്ട്രീയ ഭേദമന്യേ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ കഴിയണം. 

·                   കേന്ദ്രത്തിന്റെ വായ്പയോടുള്ള യാഥാസ്ഥിക സമീപനം കേരളം എന്തിന് അംഗീകരിക്കണം എന്നു ചോദിക്കുന്നവരുണ്ട്.  കൂടുതല്‍ വായ്പ എടുക്കുന്നതിനുള്ള സാമ്പത്തിക-ധനകാര്യ സ്ഥിതി കേരളത്തിനുണ്ട് എന്നത് വാസ്തവമാണ്.  കേരളം കടക്കെണിയിലല്ല.  വായ്പയോടുള്ള ഞങ്ങളുടെ സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല.  രാജ്യത്തെ ജനങ്ങള്‍ മിച്ചം പിടിച്ച് സമ്പാദിച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന പണത്തില്‍ നിന്നും കിട്ടാക്കടം വരുത്തുന്ന കോര്‍പ്പറേറ്റുകള്‍ക്കു മാത്രമേ വായ്പ നല്‍കാവൂ എന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല.  കൂടുതല്‍ വായ്പയെടുത്ത് കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം എന്നതു തന്നെയാണ് അഭിപ്രായം.  പക്ഷേ കേന്ദ്ര സര്‍ക്കാര്‍ യാഥാസ്ഥിക നിലപാടില്‍ അയവുവരുത്താന്‍ തയ്യാറല്ല. 

·                   കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ധനകാര്യ യാഥാസ്ഥിതികത്വത്തെ കേരളത്തിന്റെ ബദല്‍ വികസന മാതൃക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണുന്നത്.  പക്ഷേ, കേന്ദ്രം ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ കണ്ട് കേരളത്തിന്റെ ബദലിനെയോ അതിന്റെ നന്മകളെയോ വഴിയിലുപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.  പ്രതിസന്ധികളെ അഭിമുഖീകരിക്കാതെയല്ല കേരളം ഇതുവരെയെത്തിയത്.  ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെയും, കോളനിവാഴ്ചയെയും നേരിട്ട പാരമ്പര്യം ഈ നാടിനുണ്ട്.  ധനകാര്യ ഇടം വെട്ടിച്ചുരുക്കപ്പെടുന്ന  ഈ പുതിയ സാഹചര്യത്തെ അതിജീവിക്കാന്‍ സംസ്ഥാനത്തിന്റെ ധനകാര്യ-വികസന-ആസൂത്രണ സമീപനത്തില്‍ കാതലായ മാറ്റം ആവശ്യമാണ്.

·                   ഒരു ത്രിതല നയമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുക.  ഒന്ന്: ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളെ തകര്‍ക്കുന്നതും സംസ്ഥാന ങ്ങളുടെ ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നതുമായ നയങ്ങള്‍ക്കെതിരെ യോജിച്ച ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കും.  വിവിധ സംസ്ഥാന സര്‍ക്കാരുകളെ സഹകരിപ്പിച്ച് ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കും.

·                   രണ്ട്: നികുതി-നികുതിയേതര വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും ആളോഹരി വരുമാനവും വര്‍ദ്ധിക്കുന്നുണ്ട്.  എന്നാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ പൂര്‍ണ്ണമായും പ്രതിഫലിക്കുന്നില്ല.  കാരണം,  സംസ്ഥാന ത്തിന്റെ നികുതി അധികാരം പരിമിതമായതാണ്.  സമ്പത്തുള്ളവരില്‍ നിന്നും നികുതി പിരിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാണ്. നികുതി-നികുതിയേതര വരുമാനം ശേഖരിക്കാനുള്ള സംസ്ഥാനത്തിന്റെ പരിമിതമായ അധികാരം പരമാവധി കാര്യക്ഷമമായി ഉപയോഗിക്കും.  നികുതിഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജി.എസ്.ടി വകുപ്പിനെ സമഗ്രമായി പുനഃസംഘടിപ്പിച്ചു.  രാജ്യത്ത് നികുതി വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം. നികുതി ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പരമാവധിയാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കും.  നികുതി നിര്‍ദ്ദേശങ്ങളിലേയ്ക്ക് പിന്നീട് വരാം.

·                   മൂന്ന്: ഹാര്‍ഡ് ബജറ്റ് പ്രതിബന്ധത്തിന്റെ പ്രശ്നത്തെ നേരിടാന്‍ സ്വീകരിക്കുന്ന മൂന്നാമത്തെ മാര്‍ഗ്ഗം വിഭവങ്ങളുടെ ഏറ്റവും കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക എന്നതാണ്.  ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ വളരെ സുസജ്ജമായ ഭരണസംവിധാന മാണ് കേരളത്തിനുള്ളത്.  ജീവനക്കാരുടെ എണ്ണം, ഓഫീസ് സൗകര്യങ്ങള്‍, വാഹനങ്ങളുടെ ലഭ്യത, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതാണ്.  ബൃഹത്തായ ഈ സംവിധാനത്തിന്റെ കാര്യക്ഷമതയും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയും ഭരണ സംവിധാനത്തെ വിജ്ഞാന സമൂഹത്തിന് ചേര്‍ന്ന വിധത്തില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യും.  വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ നിരവധി ഉദാഹരണ ങ്ങള്‍ കേരളത്തിലുണ്ട്.  സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന തരത്തിലുള്ള പരിഷ്കാര ങ്ങള്‍ വ്യാപകമാക്കും. സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങി വിജ്ഞാനോല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കും.

·                   ബജറ്റില്‍ സര്‍ക്കാര്‍ ചെലവായി കണക്കാക്കിയിരിക്കുന്ന അടങ്കല്‍ തുകയുടെ വിനിയോഗത്തിലെ കാര്യക്ഷമത കേവലം 5% കണ്ട് ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ത്തന്നെ അതുണ്ടാക്കുന്ന നേട്ടം പലമടങ്ങായിരിക്കും. വിഭവ പരിമിതി നേരിടുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നാം പരിശ്രമിക്കേണ്ടത്.  ഇതിലേക്കായി മൂന്ന് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. 

·       ഭരണത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ആരോഗ്യ കരമായ മത്സരം നടക്കേണ്ടതുണ്ട്.  ലഭ്യമായ ബജറ്റ് വകയിരുത്തലിനുള്ളില്‍ നിന്നു കൊണ്ട് കൂടുതല്‍ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ഏറ്റെടുക്കുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് ധന സഹായം നല്‍കുന്നതിന് 100 കോടി രൂപ ഈ വര്‍ഷത്തേക്ക് നീക്കിവെയ്ക്കുന്നു.  ഏറ്റവും മികച്ച പ്രൊപ്പോസലുകള്‍ തെരഞ്ഞെടുത്ത് സഹായം അനുവദിക്കും.

·       പദ്ധതി ചെലവ് വിലയിരുത്തുന്നതിനായി വളരെ വിജയകരമായി ഉപയോഗിച്ചുവരുന്ന  പ്ലാന്‍ സ്പേസ് സംവിധാനത്തിന്റെ പുതിയ എഡിഷനില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ കാര്യക്ഷമത/ ഉല്‍പ്പാദനക്ഷമത കൂടി താരതമ്യം ചെയ്യുന്നതിനുള്ള സംവിധാനമുണ്ടാകും.  സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.  സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത താരതമ്യം ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഉദ്യമമായിരിക്കും ഇത്.  പ്ലാന്‍ സ്പേസിന്റെ അധിക ച്ചെലവിലേക്ക് 1 കോടി രൂപ വകയിരുത്തുന്നു.

·       സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന പതിവ് ഏറെക്കുറെ നിലച്ച മട്ടാണ്.  അത് പുനഃസ്ഥാപിക്കും. കൃത്യമായ രീതിശാസ്ത്രം അവലംബിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഭരണത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഏറെ സഹായകരമാവും.  വാര്‍ഷിക റിപ്പോര്‍ട്ടിന്റെ മാതൃകയും രീതിശാസ്ത്രവും നിശ്ചയിച്ച് പരിശീലനപരിപാടികള്‍ നടത്താന്‍ ഐ.എം.ജിയെ ചുമതലപ്പെടുത്തുന്നു.  ഈ മൂന്ന് നടപടികളും സര്‍ക്കാര്‍ വകുപ്പുകളുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാന്‍ സഹായിക്കും.

·                   സര്‍, സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകളില്‍ അധികവും അത്യാവശ്യ ചെലവുകളാണ് എന്നതുകൊണ്ട് ചെലവ് ചുരുക്കല്‍ അത്ര എളുപ്പമല്ല.  ശമ്പളം, പെന്‍ഷന്‍, പലിശ, കടംതിരിച്ചടവ് തുടങ്ങിയവയൊക്കെ അത്യാവശ്യ ചെലവുകളാണ്.  വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലും വലിയ വെട്ടിക്കുറവ് പ്രായോഗികമല്ല.  പക്ഷേ, ചില മേഖലകളില്‍ ചെലവ് കുറയ്ക്കല്‍ സാധ്യമാണ്. നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയ തസ്തികകളും ചെലവിനങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്.  ഒപ്പം ചെലവിനങ്ങളുടെയും തസ്തികകളുടെയും കാലഹരണ പ്പെടലും നടക്കുന്നുണ്ട്.  തസ്തികകളുടെ പുനര്‍വിന്യാസ മുള്‍പ്പെടെ കാലഹരണപ്പെട്ട ചെലവിനങ്ങള്‍ സ്വമേധയാ ഒഴിവാക്കാന്‍ മുന്‍കൈയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വകയിരുത്തലുകളില്‍ പ്രത്യേക പരിഗണന തുടര്‍ വര്‍ഷങ്ങളില്‍ നല്‍കും.

·                   വിഭവ പരിമിതിയെ മറികടക്കുന്നതിനുള്ള ഏറ്റവും സ്വീകാര്യമായ ഒരു മാര്‍ഗ്ഗം വിഭവവിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ്.  ഇത് സര്‍ക്കാരില്‍ മാത്രമല്ല, സമ്പദ് ഘടനയില്‍ മൊത്തത്തില്‍ സംഭവിക്കുന്ന കാര്യമാണ്.  അതിനുള്ള വഴി സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അറിവുള്ളടക്കം വര്‍ദ്ധിപ്പിക്കുകയാണ്.  കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുക എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം മേല്‍പ്പറഞ്ഞ കാഴ്ചപ്പാടില്‍ അധിഷ്ടിതമാണ്.  വിജ്ഞാന സമൂഹം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2023-24-ലേക്കുള്ള ബജറ്റില്‍ നവീനമായ ഒരു ചുവടുവെയ്പ്പ് നടത്തുകയാണ്.  ഈ വര്‍ഷത്തെ ബജറ്റിനോടൊപ്പം ഒരു R&D ബജറ്റ് കൂടി അവതരിപ്പിക്കുകയാണ്. പുതിയതും പഴയതുമായ വിജ്ഞാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച കൈവരി ക്കുന്നത്.  ഉല്‍പ്പാദന മേഖലയില്‍ വിജ്ഞാനത്തിന്റെ ഉപയോഗം ഉറപ്പാക്കുന്നതില്‍ R&D യ്ക്ക് വലിയ പങ്കുണ്ട്.  ഇത് മനസ്സിലാക്കിക്കൊണ്ടാണ് R&D ബജറ്റ് തയ്യാറാക്കുന്നത്.

·                   ഈ കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് കേരളത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.  ജനങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും സുസ്ഥിരവും ആധുനികവുമായ ഒരു നവകേരളം സൃഷ്ടിക്കാനുമുള്ള ഇടതുമുന്നണിയുടെ കാഴ്ചപ്പാടിലൂന്നിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിനനുയോജ്യമായ നിര്‍ദ്ദേശ ങ്ങളും ആശയങ്ങളും അവതരിപ്പിക്കാനും നടപ്പില്‍ വരുത്താനുമാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഭാഗം II

·                   കേരള വികസന അനുഭവം ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു മാതൃകയാണ്.  ജീവിത നിലവാരത്തിലും മാനവവികസന സൂചികകളിലും വികസിത രാജ്യങ്ങളോ ടൊപ്പമാണ് കേരളത്തിന്റെ സ്ഥാനം.  സുസ്ഥിരവും സമഗ്രവുമായ ഒരു വികസന രീതി പതിറ്റാണ്ടുകളായി കേരളത്തിലുണ്ട്.  രാജ്യത്തെ ശരാശരി ആളോഹരി വരുമാനത്തിന്റെ ഒന്നരമടങ്ങിലധികമാണ് ഇപ്പോള്‍ കേരളത്തിന്റെ ആളോഹരി വരുമാനം.

·                   കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ജനസംഖ്യാ ഘടനയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റമാണ്.  2021-ലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 16.5 ശതമാനം പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്.  2031-ഓട് കൂടി ഇത് 20 ശതമാനം കവിയുമെന്ന് കണക്കാക്കപ്പെടുന്നു.  അതേസമയം സംസ്ഥാനത്തെ ജനന നിരക്ക് കുറയുകയുമാണ്.  1980-കളിലും 1990-കളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്നുവെങ്കില്‍ 2021-ല്‍ അത് 4.6 ലക്ഷം മാത്രമാണ്.  2031-ഓട് കൂടി ജനന നിരക്ക്
3.6 ലക്ഷത്തിലേക്ക് താഴും എന്നാണ് ജനസംഖ്യാ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടല്‍. അതായത് സമൂഹത്തിലെ പുതിയ തലമുറയും മുതിര്‍ന്ന പൗരന്മാരും തൊഴില്‍ സേനയും തമ്മിലുള്ള അനുപാതത്തില്‍ ഘടനാപരമായ മാറ്റം സംഭവിക്കും.  പൊട്ടന്‍ഷ്യല്‍ സപ്പോര്‍ട്ട് റേഷ്യോ 4.5-ല്‍ നിന്ന് 3.4-ലേക്കും 2.3-ലേക്കും കുറയാം.  ആശ്രിത ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം.  ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും ഭാവിയെ മുന്നില്‍ കണ്ടുള്ള നയരൂപീകരണം സാധ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.

·                   ജനസംഖ്യാ ഘടനയിലെ ഈ മാറ്റവും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവുമുള്‍പ്പടെ കേരളം ഇന്ന് നേരിടുന്നത് രണ്ടാം തലമുറ വികസന പ്രശ്നങ്ങളാണ്.  രാജ്യത്തെ പൊതുവിഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇപ്പോഴും വീതംവെയ്ക്കുന്നത് ഒന്നാം തലമുറ വികസന സൂചികകളെ ആസ്പദമാക്കിയാണ്.  ഇത് മൂലം കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം നിഷേധിക്ക പ്പെടുകയാണ്. നാം കൈവരിച്ച മാനവ വികസനം നമ്മുടെ അയോഗ്യതയായി മാറുന്ന സാഹചര്യമാണ്. സംസ്ഥാനം നേരിടുന്ന സവിശേഷമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഗണന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നല്‍കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാരിനോട് കേരളം ഉന്നയിച്ചിട്ടുള്ളത്.

·                   കേരളത്തില്‍ നിന്ന് വിദ്യാഭ്യാസത്തിനും തൊഴിലെടു ക്കുന്നതിനുമായി വിദേശത്ത് പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്ന സ്ഥിതിവിശേഷം വ്യാപകമായുണ്ട്. ഇതുമൂലം തൊഴിലെടുക്കാന്‍ പര്യാപ്തരായ യുവജനങ്ങള്‍ കേരളത്തില്‍ കുറയുകയാണ്.

·                   സ്കൂള്‍-കോളേജ്-സര്‍വ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വലിയ മൂലധനമാണ് ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടിയും ചെലവഴിക്കുന്നത്. കേരളത്തിലെ സ്കൂളുകളില്‍ ഏറ്റവും മെച്ചപ്പെട്ട വിദ്യാര്‍ത്ഥി- അധ്യാപക അനുപാതമാണുള്ളത്.  ഒരു വര്‍ഷം ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്കുവേണ്ടി സര്‍ക്കാര്‍ മുടക്കുന്നത് ഏകദേശം 50,000 രൂപയാണ്.  ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നുണ്ട്.  ഇത്തരത്തില്‍ വലിയ നിക്ഷേപം നടത്തി സര്‍ക്കാര്‍ പ്രാപ്തരാക്കുന്ന യൗവ്വനങ്ങളെ പരമാവധി നമ്മുടെ നാട്ടില്‍ തന്നെ നിലനിര്‍ത്താനും തൊഴിലൊരുക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം.  കൂടാതെ ആധുനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ കേരളത്തിന് പുറത്തുനിന്നും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും കഴിയും.

·                   അതിശൈത്യവും അത്യുഷ്ണവുമെല്ലാമുള്ള പല വിദേശ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി വര്‍ഷം മുഴുവന്‍ സമതുലിതമായ കാലാവസ്ഥയാണ് കേരളത്തിനുള്ളത്.  മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കിയാല്‍ മലയാളികള്‍ ജീവിക്കാന്‍ തെര‍ഞ്ഞെടു ക്കുക നമ്മുടെ നാട് തന്നെയാകും.  യുവതലമുറയെ കേരളത്തില്‍ തന്നെ നിലനിര്‍ത്താനും അവര്‍ക്ക് ആധുനികവും അനുയോജ്യവുമായ തൊഴിലവസരങ്ങള്‍ നല്‍കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.  നവകേരളം ലക്ഷ്യം വെയ്ക്കുന്നത് ഇത്തരം മുന്‍ഗണനകളാണ്.

·                   വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനും അതുവഴി സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനു മുള്ള നിരവധി പദ്ധതികളാണ് കഴിഞ്ഞ ബജറ്റിലു ണ്ടായിരുന്നത്.  ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നമുക്ക് കഴിഞ്ഞു.

സര്‍,

·                   ഗ്രാഫീന്‍ സംബന്ധിച്ച് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി സ്ഥാപിച്ച ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍-ന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  2023 സെപ്റ്റംബറോട് കൂടി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും.  കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയെയും സി-മെറ്റിനെയും നിര്‍വ്വഹണ ഏജന്‍സികളും ടാറ്റ സ്റ്റീല്‍ ലിമിറ്റഡിനെ വ്യാവസായിക പങ്കാളിയുമാക്കി കേരള സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.  ഗ്രാഫീന്‍ എക്കോ സിസ്റ്റവുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, സീഗന്‍ യൂണിവേഴ്സിറ്റി ജര്‍മ്മനി തുടങ്ങിയ സ്ഥാപനങ്ങളുമായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി MoU ഒപ്പിട്ടു.  86.41 കോടി രൂപ ചെലവു വരുന്ന പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.  ഈ വര്‍ഷം പദ്ധതി വിഹിതമായ 6 കോടി രൂപ ഉള്‍പ്പടെ
10 കോടി രൂപ കൂടി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുന്നു.

·                   കഴിഞ്ഞ ബജറ്റില്‍ 1000 കോടി രൂപ ചെലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകളും ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ ഏജന്‍സിയായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.  ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനായി തിരുവനന്തപുരം ടെക്നോപാര്‍ക്ക്
ഫേസ് -4 ല്‍ 13.65 ഏക്കര്‍ സ്ഥലം കണ്ടെത്തുകയുണ്ടായി. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ തന്നെ 10
,000 ചതുരശ്ര അടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  2023 മെയ് മാസത്തോടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും.  എഡിന്‍ബറോ യൂണിവേഴ്സിറ്റിയുമായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി MoU ഒപ്പുവെച്ചിട്ടുണ്ട്.

·                   വ്യവസായ പാര്‍ക്കുകള്‍, അഗ്രി പാര്‍ക്കുകള്‍, വര്‍ക്ക് നിയര്‍ ഹോം പദ്ധതികള്‍ തുടങ്ങിയവ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകളും താമസിയാതെ ആരംഭിക്കും.  ഐ.ടി രംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പില്‍ വരികയാണ്.  പുതിയ പാര്‍ക്കുകള്‍ക്കുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.  കണ്ണൂര്‍ ഐ.ടി പാര്‍ക്കിന്റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ കഴിയും.

·                   കേരളത്തില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് രംഗത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം കഴിഞ്ഞ ബജറ്റില്‍ നടത്തിയിരുന്നു.  അതുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്ത ത്തോടെയും തിരുവനന്തപുരത്തെ
ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ കോര്‍ സെന്റര്‍ ഓഫ് എക്സലന്‍സും ന്യൂട്രാ എന്റര്‍പ്രൈസസ് ഡിവിഷനും സ്ഥാപിക്കുന്ന തിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 5 കോടി രൂപ വകയിരുത്തുന്നു.

·                   കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മൈക്രോ ബയോം മികവിന്റെ കേന്ദ്രം പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്.  കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എന്‍വയോണ്‍മെന്റിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടി തിരുവനന്തപുരം തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ കേന്ദ്രം നിലവില്‍ വരും.  ഇതിനായി 10 കോടി രൂപ അനുവദിക്കുന്നു.

·                   സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും,  വ്യവസായ കാര്‍ഷിക മേഖലകളും മെച്ചപ്പെടുത്താനുളള ക്രിയാത്മകമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരി ക്കുന്നത്. ആ ദിശയില്‍ മുന്നേറാനാണ് പുതിയ പദ്ധതി കളിലൂടെ ശ്രമിക്കുന്നത്.

മേക്ക് ഇന്‍ കേരള

·                   കേരളത്തില്‍ ആഭ്യന്തര ഉല്‍പ്പാദനവും തൊഴില്‍/ സംരംഭക/നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കാന്‍ സര്‍വ്വസൗകര്യങ്ങളും ഒരുക്കി ബൃഹത്തായ ഒരു മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും.   മേക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു.  റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍ കേരളത്തിലേക്ക് ഏകദേശം 1,28,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതിചെയ്തത്.  ഇതില്‍
92  ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി രുന്നു. ഇക്കാലയളവില്‍ സംസ്ഥാനത്തിന്റെ കയറ്റുമതി ഏകദേശം 74
,000 കോടി രൂപയുടേതായിരുന്നു.  ഇതില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളി ലേക്കായിരുന്നു.  കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേ ണ്ടത്.  ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ളവ കണ്ടെത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം.  ഉല്‍പ്പാദനക്ഷമത, കൂലി ചെലവ്, ലാഭം തുടങ്ങിയവ വിശകലനം ചെയ്ത് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉല്‍പ്പാദനത്തിന് പിന്തുണ നല്‍കാനുള്ള  നടപടികള്‍ സ്വീകരിച്ചുവരുന്നു.   പദ്ധതിയുടെ രൂപീകരണ ത്തില്‍ ബന്ധപ്പെട്ട സംരംഭക ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാര്‍ഷിക-മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും മേക്ക് ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കും. സംരംഭങ്ങള്‍ക്കുളള മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പെടെയുളള സഹായങ്ങള്‍ അനുവദിക്കും.

സര്‍,

·                   മേക്ക് ഇന്‍ കേരള’ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വലിയ ആത്മവിശ്വാസം നല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ സംസ്ഥാനത്തിനുണ്ട്.  അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉല്‍പ്പന്നനിര്‍മ്മാണ (Manufacturing) രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണര്‍വ്വാണ്.  കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് സംശയമുള്ളവര്‍ ആഗോള പ്രശസ്തമായ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ ടെറുമോപെന്‍പോളിന്റെ സ്ഥാപകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീ.സി.ബാലഗോപാല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ‘ബിലോ ദി റഡാര്‍’ എന്ന പുസ്തകം വായിക്കണം.  കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമല്ല എന്ന വാദം തെറ്റാണെന്ന് തെളിയിക്കുകയാണ് പുസ്തകത്തിലൂടെ അദ്ദേഹം. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് കേരളത്തില്‍ ആരംഭിക്കുകയും വലിയ വിജയം വരിക്കുകയും ചെയ്ത 50 കമ്പനികളുടെ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്.  വ്യവസായ സമൂഹം തരുന്ന ഈ സാക്ഷ്യത്തോടൊപ്പം വേണം സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നേടിയെടുത്ത ദേശീയ അന്തര്‍ദേശീയ അംഗീകാരത്തെ കാണാന്‍.  അതുപോലെ ആവേശകരമാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംരംഭക വര്‍ഷത്തിന്റെ വിജയം.

·                   വ്യവസായ വകുപ്പ് ഏറ്റെടുത്ത സംരംഭകവര്‍ഷം പദ്ധതി, സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയോട് കേരളത്തിലെ യുവസംരംഭക സമൂഹം നടത്തുന്ന ആവേശകരമായ പ്രതികരണമാണ് മേക്ക് ഇന്‍ കേരള പോലെയുള്ള ഒരു ബൃഹദ് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നത്.  മേക്ക് ഇന്‍ കേരളയ്ക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കും.  ഈ വര്‍ഷം 100 കോടി രൂപ ‘മേക്ക് ഇന്‍ കേരള’യ്ക്കായി നീക്കിവയ്ക്കുന്നു.

മിഷന്‍ 1000

·                   2022-23-ല്‍ ‘സംരംഭകവര്‍ഷം പദ്ധതി’ മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം സംരംഭങ്ങളാണ് സംസ്ഥാനത്ത് പുതുതായി തുടങ്ങിയത്.  സംസ്ഥാനത്ത് നിലവിലുള്ള സംരംഭങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 1000 സംരംഭങ്ങള്‍ക്ക് 4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലുള്ള ഒരു സ്കെയില്‍ അപ്പ് പാക്കേജ്  ഇതിനോപ്പം പ്രഖ്യാപിക്കുകയാണ്. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

·                   കേരളത്തിന്റെ വികസന ചക്രവാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയിനര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാന്‍ കഴിയും.  സമുദ്രഗതാഗതത്തിലെ
30-40 ശതമാനം ചരക്കുനീക്കവും നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നത്.  നമ്മുടെ രാജ്യത്തിനും സമീപത്ത് സ്ഥിതിചെയ്യുന്ന രാജ്യങ്ങള്‍ക്കും ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം.  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നുവന്നത് ഇത്തരത്തിലുള്ള തുറമുഖങ്ങളോട് ചേര്‍ന്നാണ്.  ദുബായ്
, സിംഗപ്പൂര്‍, ഷാംഗ്ഹായ് ഉള്‍പ്പടെയുള്ള തുറമുഖ നഗരങ്ങളുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത 66-ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട-മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിംഗ് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസസൗകര്യ ങ്ങളുമടക്കമുള്ള ടൗണ്‍ഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഏകദേശം 5000 കോടി ചെലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുന്നു.

·                   വ്യാവസായിക ഇടനാഴിയുടെ ഇരുവശങ്ങളിലും അധിവസിക്കുന്ന ജനങ്ങളെക്കൂടി പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും.  സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍, ഭൂമിയുടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസന പദ്ധതികള്‍ തയ്യാറാക്കും.  ലാന്‍ഡ് പൂളിംഗ് സംവിധാനവും പി.പി.പി വികസന മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

വെസ്റ്റ് കോസ്റ്റ് കനാല്‍

·                   സംസ്ഥാനത്തിന്റെ വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ (WCC) നീളം 616 കിലോമീറ്ററാണ്. WCC-യെ കേരളത്തിന്റെ ഒരു സാമ്പത്തിക-വ്യാപാര ഇടനാഴിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതി രൂപപ്പെടുത്തും. വ്യവസായം, പുനരുപയോഗ ഊര്‍ജ്ജം, ഗതാഗതം, വിനോദസഞ്ചാരം, വ്യാപാരം, കൃഷി എന്നീ മേഖലകളിലെ വികസനാ വസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. ജലപാതയോടനു ബന്ധിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി സംസ്ഥാനത്തിന്റെ പി.പി.പി നയത്തിന്റെ അടിസ്ഥാന ത്തില്‍  നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. കിഫ്ബിക്ക് കീഴിലുള്ള പൂള്‍ഡ് ഫണ്ടുകള്‍  ഉപയോഗിച്ചുകൊണ്ട്  ഇത് ഏറ്റെടുക്കുന്നതിലേക്കായി മൊത്തം 300 കോടി രൂപ വകയിരുത്തുന്നു.

ന്യൂ എനര്‍ജി പാര്‍ക്കുകള്‍

·                   പുനരുപയോഗ സ്രോതസ്സുകളായ സൗരതാപം, കാറ്റ് എന്നിവയില്‍ നിന്ന്  ഊര്‍ജ്ജോത്പാദനം നടത്തുന്ന തിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ന്യൂ എനര്‍ജി പാര്‍ക്ക് സ്ഥാപിക്കും. ഇവയ്ക്കായുളള സംവിധാനങ്ങളും EV ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന വ്യവസായ പാര്‍ക്കിനായി 10 കോടി രൂപ മാറ്റിവയ്ക്കുന്നു.

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്

·                   2040 ഓടെ 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജാധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറുവാനാണ് കേരളം ലക്ഷ്യമിടുന്നത്.  ‘ക്ലീന്‍ എനര്‍ജി’ എന്നറിയ പ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ട്.  പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന് പരിസ്ഥിതി സൗഹൃദ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ദീര്‍ഘദൂരവാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ അളവില്‍ കുറയും.  കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് വി.ജി.എഫ്/ ഗ്രാന്റ്/ഇക്വിറ്റി പിന്തുണയ്ക്കായി  അടുത്ത രണ്ടുവര്‍ഷത്തി നുള്ളില്‍ 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്നു.  ഇതിനായി 20 കോടി രൂപ ബജറ്റില്‍ അധികമായി നീക്കിവെയ്ക്കുന്നു.

വൈദ്യുത വാഹന കണ്‍സോര്‍ഷ്യം (ഇ.വി കണ്‍സോര്‍ഷ്യം)

·                   കേരളത്തില്‍ വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി TTPL, VSSC, C-DAC, TrEST എന്നിവ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്.  TrEST പാര്‍ക്കിന്റെ മുന്‍കൈയ്യില്‍ സ്ഥാപിക്കുന്ന ഇ.വി ഡ്രൈവ് ട്രെയിന്‍ ടെസ്റ്റിംഗ് ലാബ് 2023 ജൂലൈയില്‍ പ്രവര്‍ത്തനക്ഷമമാകും.  കിഫ്ബിയുടെ പിന്തുണയോടെ ഒരു ഇ.വി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വികസിപ്പിക്കും.  ഇ.വി കണ്‍സോര്‍ഷ്യം പ്രോജക്ടിനായി 25 കോടി രൂപ അധികമായി വകയിരുത്തുന്നു.

അന്താരാഷ്ട്ര ഗവേഷണ സ്കോളര്‍ഷിപ്പുകള്‍

·                   സിലിക്കണ്‍വാലി ഉള്‍പ്പെടെയുള്ള ലോകത്തിലെ നിരവധി വ്യാവസായിക മേഖലകളുടെ വികസനത്തില്‍ സര്‍വ്വകലാശാലകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ട്രാന്‍സ്ലേഷണല്‍ ഗവേഷണവും വ്യാവസായിക ബന്ധവുമുള്ള അന്താരാഷ്ട്ര സര്‍വ്വകലാ ശാലകളുമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സമ്പര്‍ക്കം ഉണ്ടാകണം.  ഇതിനായി  കേരളത്തിലെ സര്‍വ്വകലാശാലകളും അന്താരാഷ്ട്ര സര്‍വ്വകലാശാല കളും തമ്മില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥികളുടെ എക്സ്ചേഞ്ച് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.  പ്രതിവര്‍ഷം, ലോകത്തിലെ മികച്ച 200 സര്‍വ്വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന
100 ഗവേഷകരുടെ യാത്രാ ചെലവുകളും ജീവിത ചെലവുകളും പിന്തുണയ്ക്കുന്നതിനായി ഒരു ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും.  കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലുള്ള വിദഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് മാനദണ്ഡം നിശ്ചയിക്കുന്നത്. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.

ദേശീയപാതാവികസനം

·                   കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.  ദേശീയ പാത 66, മറ്റ് ദേശീയ പാതകള്‍ ഉള്‍പ്പടെ 1931 കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 1,33,000 കോടിയോളം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.  ഈ പ്രവര്‍ത്തന ങ്ങള്‍ സുഗമമായും വേഗത്തിലും നടക്കുന്നതിനുള്ള അടിസ്ഥാന കാരണം ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സാമ്പത്തിക പങ്കാളിത്തമാണ്.  ഇതുവരെ ദേശീയപാതയുടെ സ്ഥലമെടുപ്പിനായി സര്‍ക്കാര്‍ 5,580 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്.  ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ മൂലധന നിക്ഷേപം നടന്ന ഒരു മേഖലയാണിത്.

വ്യാപാരമേളകള്‍

·                   എല്ലാവര്‍ഷവും ന്യൂഡല്‍ഹി പ്രഗതി മൈതാനത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയില്‍ സംസ്ഥാനത്ത് ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള വ്യാപാരമേള സംഘടിപ്പിക്കും.  കേരളത്തിലെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും അന്തര്‍ദേശീയ തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ പരിചയ പ്പെടുത്താനുള്ള വേദിയായി ഇതുമാറും.  ഇതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദി സൃഷ്ടിക്കും.  പദ്ധതിയ്ക്ക് പ്രാരംഭമായി 15 കോടി രൂപ അധികമായി വകയിരുത്തുന്നു.

വര്‍ക്ക് നിയര്‍ ഹോം

·                   കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കപ്പെട്ട തൊഴില്‍ സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം.  കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്കാരമായി വര്‍ക്ക് നിയര്‍ ഹോം തുടര്‍ന്നുവരുന്നു.  കഴിഞ്ഞ ബജറ്റില്‍ വര്‍ക്ക് നിയര്‍ ഹോം സംവിധാനങ്ങള്‍ പ്രാദേശിക തലത്തില്‍ ഒരുക്കുന്നതിനായി 50 കോടി രൂപ നീക്കിവെച്ചിരുന്നു.  ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാദേശിക തലത്തില്‍ രൂപരേഖ യുണ്ടാക്കിയിട്ടുണ്ട്.  മൂന്ന് തരം സൗകര്യങ്ങളൊരുക്കാ നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

·       ഐ.ടി അനുബന്ധ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കുകള്‍ നല്‍കാന്‍ തയ്യാറുള്ള വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള കേന്ദ്രങ്ങള്‍.

·       വിദൂര ജോലികളിലോ ഗിഗ് വര്‍ക്കിലോ ഏര്‍പ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള കേന്ദ്രങ്ങള്‍

·       കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍

ഇത്തരം സെന്ററുകളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരും സ്വകാര്യ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപീകരിക്കുന്ന പങ്കാളിത്ത മാതൃകയാകും ഉണ്ടാവുക.  പലിശരഹിത വായ്പയായി കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും.  തൊഴിലുകള്‍ ഉറപ്പാക്കുന്ന മുറയ്ക്കാണ് ഫണ്ട് പൂര്‍ണ്ണമായി നല്‍കുന്നത്.  നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷം പത്ത് വര്‍ഷം കൊണ്ട് ഈ വായ്പ തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചടയ്ക്കണം.  അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ക്ക് നിയര്‍ ഹോം സൗകര്യങ്ങള്‍ വഴി ഒരു ലക്ഷം വര്‍ക്ക് സീറ്റുകള്‍ സൃഷ്ടിക്കുന്നതിനായി ആകെ 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ഇതിനായി 50 കോടി രൂപ വകയിരുത്തുന്നു.

·                   വര്‍ക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും നടപ്പിലാക്കാന്‍ കഴിയും.  നിരവധിപേര്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ തങ്ങളുടെ തൊഴില്‍ ചുമതലകള്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കാന്‍ സൗകര്യങ്ങള്‍ തേടുന്നുണ്ട്.  വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന വര്‍ക്ക് ഫ്രം ഹോളിഡേ ഹോം എന്ന പദ്ധതി ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.

നഴ്സിംഗ് വിദ്യാഭ്യാസം

·                   കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ നഴ്സിംഗ് പ്രൊഫഷണലുകള്‍ ലോകമെമ്പാടും ആരോഗ്യ പരിചരണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  യോഗ്യതയുള്ള നഴ്സുമാരുടെ ആവശ്യകത വര്‍ദ്ധിക്കുക യാണ്. ഇടുക്കി വയനാട് മെഡിക്കല്‍ കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും ജനറല്‍ ആശുപത്രികളോടും അനുബന്ധിച്ച് നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.  ആദ്യ ഘട്ടത്തില്‍ 25 ആശുപത്രികളില്‍ സഹകരണ സ്ഥാപനങ്ങളുടെയും CEPAS, SIEMAT പോലെയുളള സ്ഥാപനങ്ങളുടെയും  ആഭിമുഖ്യത്തില്‍ ഇവ ആരംഭിക്കും.  ഇതിനായി ഈ വര്‍ഷം 20 കോടി രൂപ വകയിരുത്തുന്നു.

ബഹു.മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനവും തുടര്‍ പ്രവര്‍ത്തനങ്ങളും

·                   ബഹു. മുഖ്യമന്ത്രിയുടെ ഫിന്‍ലാന്‍ഡ്, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, വെയില്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍  രാജ്യാന്തര ഏജന്‍സി കളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സംരംഭകത്വം, ദുരന്തനിവാരണം, മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുമായി ബഹു.മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തി. രാജ്യങ്ങളിലെ വിവിധ സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് അക്കാദമിക് എക്സ്ചേഞ്ചുകള്‍, സഹകരണ ഗവേഷണം, പഠനങ്ങള്‍ എന്നിവ ആരംഭിക്കാനും ഈ മേഖലകളില്‍ കേരളത്തിന് അനുയോജ്യമായ ചില മികച്ച രീതികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു.  പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റേഷന്‍ മോണിറ്ററിംഗ് വകുപ്പിനു  കീഴില്‍ ഈ ആവശ്യത്തിനായി ഒരു കോര്‍പ്പസ് ഫണ്ട് സൃഷ്ടിക്കാന്‍ 10 കോടി രൂപ അധികമായി നീക്കിവെയ്ക്കുന്നു.

സര്‍,

·                   കേരളത്തിലെ പ്രവാസി സമൂഹം, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവര്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്ന ഉയര്‍ന്ന വിമാന യാത്രാ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുമായും  ട്രാവല്‍ ഏജന്‍സികള്‍, പ്രവാസി അസോസി യേഷനുകള്‍ എന്നിവയുമായും  സര്‍ക്കാര്‍ ഒന്നിലധികം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്സ് വിമാന യാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗേഷനായി ഒരു  പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍  (INR/സീറ്റ്)  എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും.    ചാര്‍ട്ടര്‍ ഫ്ലൈറ്റുകളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും പ്രാഥമികമായി  15 കോടി രൂപയുടെ ഒരു  കോര്‍പ്പസ് ഫണ്ട് രൂപീകരിക്കും. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിംഗ് ഫണ്ടായും ഉപയോഗിക്കാം.

കേരള ടൂറിസം 2.0

·                   കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ ഡെസ്റ്റിനേഷനുകള്‍ എക്സ്പീരിയന്‍ഷ്യല്‍  വിനോദസഞ്ചാരത്തിനായി നീക്കി വയ്ക്കുന്നതിലും അത്തരം ലക്ഷ്യസ്ഥാനങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന തിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഈ പുതിയ ടൂറിസം വികസന തന്ത്രത്തിന്റെ ഒരു പ്രത്യേക സവിശേഷത, ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തി എന്നതാണ്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത-കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ ഹൈവേ ഇടനാഴി, റെയില്‍വേ ഇടനാഴി എന്നിവയാണ് ടൂറിസം ഇടനാഴികള്‍.  സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കൈകോര്‍ത്ത് ഇവ വികസിപ്പിക്കും.  ടൂറിസം ഇടനാഴികളുടെ വികസന ത്തിനായി 50 കോടി രൂപ അനുവദിക്കുന്നു.

നോ-ഫ്രില്‍ എയര്‍സ്ട്രിപ്പു് ശൃംഖലകള്‍

·                   എയര്‍സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്നുള്ള കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി, വിനോദസഞ്ചാരം, അന്തര്‍ ജില്ലാ വിമാന യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത പ്രതികരണ മാനേജ്മെന്റിനെ സഹായിക്കുന്നതിനും ഉദ്ദേശിച്ചുള്ള നോ-ഫ്രില്‍ എയര്‍സ്ട്രിപ്പുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തി ലാണ്.  ആദ്യ ഘട്ടത്തില്‍ ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സാധ്യതാപഠനം നടത്തുന്നതിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം എയര്‍സ്ട്രിപ്പുകള്‍ നടപ്പിലാക്കുന്നതിനായി ഒരു പ്രത്യേക  ഉദ്ദേശ്യ  കമ്പനി പി.പി.പി മോഡലില്‍ സ്ഥാപിക്കും. കമ്പനി സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തില്‍ ബജറ്റില്‍ 20 കോടി രൂപ  നീക്കിവയ്ക്കുന്നു.

അതിദാരിദ്ര്യ ലഘൂകരണം

·                   വന്‍കിട വികസന പദ്ധതികളും വിജ്ഞാന സമ്പദ് വ്യവസ്ഥയും വിപുലമായി ചര്‍ച്ച ചെയ്യുമ്പോഴും വിവിധ പ്രയാസങ്ങള്‍ നേരിടുന്നവരും ദരിദ്രരുമായ മനുഷ്യരെയും സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെ ചേര്‍ത്തുപിടിക്കു ന്നുണ്ട്.  സംസ്ഥാനത്തിന്റെ ആകെ ചെലവിന്റെ നല്ലൊരു ശതമാനം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കുമാണ് ചെലവഴിക്കുന്നത്. ഇതിനോടൊപ്പം സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള സത്വര നടപടികള്‍ നാം സ്വീകരിക്കുകയാണ്.

·                   അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അതീവ ദാരിദ്ര്യ തിരിച്ചറിയല്‍ പ്രക്രിയ ആരംഭിച്ചു.  ആദ്യ ഘട്ടമെന്ന നിലയില്‍ ഭക്ഷണം, ആരോഗ്യം, വരുമാനം, പാര്‍പ്പിടം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി 64006 അതീവ ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയും പദ്ധതിയ്ക്കുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.  കുടുംബശ്രീ മിഷന്റെ സഹായത്തോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ മേല്‍നോട്ടത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനു ള്ളില്‍ മേല്‍ കുടുംബങ്ങളെയും വ്യക്തികളെയും കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഗാര്‍ഹിക തല മൈക്രോലെവല്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നു.  ഗുണഭോക്താക്കളുടെ എണ്ണവുമായി ബന്ധപ്പെട്ട് മതിയായ ഫണ്ട് ലഭ്യമല്ലാത്ത തദ്ദേശസ്ഥാപന ങ്ങള്‍ക്കായി 50 കോടി രൂപ ഗ്യാപ് ഫണ്ടായി നീക്കിവെയ്ക്കുന്നു.

നവകേരള നഗര നയം

സര്‍,

·                   നഗരവല്‍ക്കരണത്തിന്റെ തോത് വളരെ ഉയര്‍ന്ന സംസ്ഥാനമാണ് കേരളം.  സെന്‍സെസ് കണക്കുകള്‍ പ്രകാരം 2011-ല്‍ നഗരജനസംഖ്യ 47.70 ശതമാനമായിരുന്നത് 2021 ആകുമ്പോള്‍ 71 ശതമാന ത്തോളമായി മാറാമെന്നാണ് സെന്‍സെസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സവിശേഷമായ സാമൂഹിക-സാമ്പത്തിക സാഹചര്യ ങ്ങള്‍ക്കനുസൃതമായി നഗരവല്‍ക്കരണത്തിന്റെ ദിശ നിശ്ചയിക്കേണ്ടതുണ്ട്. നഗരവല്‍ക്കരണവുമായി ബന്ധ പ്പെട്ട് നടക്കുന്ന ഏറ്റവും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവകേരളത്തിന് സമഗ്രമായ ഒരു നഗരനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു.  ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മീഷന്‍ രൂപീകരിക്കും. 

·                   തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതില്‍ സഹായിക്കുന്നതിന് ഒരു അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കും.  കേരളത്തിലെ ആറ് കോര്‍പ്പറേഷനു കളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിക്കും. പൈതൃക മേഖലകളുടെയും പരിസര ങ്ങളുടെയും സംരക്ഷണം, കാല്‍നട യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പൊതു സ്ഥലങ്ങളും വിനോദ സ്ഥലങ്ങളും സജ്ജമാക്കല്‍, ശുചിത്വം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാകും പദ്ധതിയുടെ ഘടകങ്ങള്‍. നഗരവികസനവുമായി ബന്ധപ്പെട്ട  നഗര പുനരുജ്ജീവനവും സൗന്ദര്യവല്‍ക്കരണവും പദ്ധതിയ്ക്ക് പ്രാഥമിക ചെലവായി 300 കോടി രൂപ കണക്കാക്കുന്നു.  ഇതിലേക്കായി ഈ വര്‍ഷം 100 കോടി രൂപ കിഫ്ബി വഴി അനുവദിക്കുന്നു.

ജില്ലാ കളക്ടറേറ്റുകളില്‍ സ്റ്റേറ്റ് ചേംബര്‍

·                   ജില്ലാ ഭരണത്തിന്റെ ആസ്ഥാനമാണ് കളക്ടറേറ്റുകള്‍.  ഭരണസംവിധാനത്തിന്റെ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ക്കനു സൃതമായി കലക്ടറേറ്റുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കു കയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ഓരോ ജില്ലാ കളക്‌ടറേറ്റിലും 10,000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകന ങ്ങള്‍ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനും വേണ്ടി ഒരു സംസ്ഥാന ചേംബര്‍ കളക്ടറേറ്റുകളില്‍ സ്ഥാപിക്കും. ആധുനിക ഓഡിയോ, വീഡിയോ, ഐടി സൗകര്യങ്ങളോടുകൂടിയ സ്‌മാര്‍ട്ട് ഓഫീസ് സ്‌പെയ്‌സുകളായാണ് പുതിയ ഇടം രൂപകല്‍പന ചെയ്യുക. ഇതിനായി 70 കോടി രൂപ വകയിരുത്തുന്നു.

നേര്‍ക്കാഴ്ച : നേത്രാരോഗ്യത്തിനുള്ള ബൃഹദ് പദ്ധതി

·                   എല്ലാവര്‍ക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ചപരിശോധനയ്ക്ക് വിധേയരാക്കുന്ന ‘നേര്‍ക്കാഴ്ച’ എന്ന പദ്ധതി പ്രഖ്യാപിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വോളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാമ്പയിനാണിത്. കാഴ്ചാവൈകല്യങ്ങള്‍ കണ്ടെത്ത പ്പെടുന്നവരില്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ക്രമത്തില്‍ സൗജന്യ കണ്ണടകള്‍ നല്‍കും. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ‘നേര്‍ക്കാഴ്ച’  പദ്ധതിയിലൂടെ കാഴ്ചാവൈകല്യമുളള എല്ലാ വ്യക്തി കള്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും. ഈ പദ്ധതിയ്ക്ക് 50 കോടി രൂപ വകയിരുത്തുന്നു.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് (CSR ഫണ്ട്)

·                   കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് സമാഹരിച്ച് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കേരളം മെച്ചപ്പെട്ട സ്ഥിതിയിലല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ കഴിയുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളും സ്ഥാപനങ്ങളും അതിനു വേണ്ടി പ്രത്യേക ശ്രമം നടത്തേണ്ടതുണ്ട്.  സി.എസ്.ആര്‍ ഫണ്ടിന്റെ സാധ്യതകളും ഉപയോഗവും പഠിക്കുന്നതിനും  ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍കൈയ്യെടുക്കും.

മനുഷ്യ-വന്യജീവി സംഘര്‍ഷം

സര്‍,

·                   വന്യമൃഗങ്ങള്‍ വനാതിര്‍ത്തികള്‍ ലംഘിച്ച് അനേകം കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണപ്രദേശങ്ങളിലേക്ക് പോലും എത്തുന്ന വാര്‍ത്തകള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.  കാട്ടുപന്നി, ആന, മുള്ളന്‍പന്നി, പുലി, കടുവ ഉള്‍പ്പടെയുള്ള വന്യജീവികള്‍ ഉയര്‍ത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്ക പ്പെടുന്നതോടൊപ്പംതന്നെ മനുഷ്യജീവനും ഉപജീവന മാര്‍ഗ്ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.   വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണം. അതിനുവേണ്ടുന്ന ശാസ്ത്രീയമായ നിര്‍ദ്ദേങ്ങളും പരിഹാരങ്ങളും സര്‍ക്കാര്‍ അടിയന്തിരമായി തേടും. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ താല്‍ക്കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുളള പദ്ധതി തുകയായ 30.85 കോടി രൂപ ഉള്‍പ്പെടെ മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 50.85 കോടി രൂപ അനുവദിക്കുന്നു.

ഊരുകള്‍ക്ക് ഉപജീവന പദ്ധതി

·                   സംസ്ഥാനത്തെ ഓരോ പട്ടികവര്‍ഗ്ഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നല്‍കുന്ന പദ്ധതി ആവിഷ്കരിക്കും. വിവിധ ഏജന്‍സി കളുടെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന ഒരു ജനകീയ കമ്മിറ്റി ഉപജീവന പദ്ധതികള്‍ തയ്യാറാക്കുവാന്‍ സഹായിക്കും.  പദ്ധതി പുരോഗതിയുടെ അടിസ്ഥാന ത്തില്‍ തുക ഗഡുക്കളായി നല്‍കും. ഊരുകളില്‍ താമസിക്കുന്ന തെരെഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആദ്യ വര്‍ഷം സഹായം നല്‍കും.  ഈ പദ്ധതിയ്ക്കായി 10 കോടി രൂപ അധികമായി വകയിരുത്തുന്നു.

ഭാഗം III

കൃഷി

·                   കൃഷിക്ക് സവിശേഷമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 971.71 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായമായി പ്രതീക്ഷിക്കുന്നു.

വിള പരിപാലന മേഖല

·                   2023-24 വര്‍ഷം ആകെ 732.46 കോടി രൂപ വിള പരിപാലന മേഖലയ്ക്കായി മാറ്റി വയ്ക്കുന്നു.

സര്‍,

·                   നെല്‍ക്കൃഷി വികസനത്തിന് നീക്കിവയ്ക്കുന്ന തുക ഈ വര്‍ഷത്തെ 76 കോടി രൂപയില്‍ നിന്ന്  95.10 കോടി രൂപയായി ഉയര്‍ത്തുകയാണ്.

·                   ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ക്കൊപ്പം ജൈവ കൃഷി രീതികളിലൂടെയും ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. ഇതിനായി 6 കോടി രൂപ അനുവദിക്കുന്നു.

·                   സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതികള്‍ക്കായി 93.45 കോടി രൂപ വകയിരുത്തുന്നു.

·                   നാളീകേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തുന്നു. നാളീകേര മിഷന്റെ ഭാഗമായി വിത്ത് തേങ്ങ സംഭരിക്കുന്നതിനും കൃഷി വകുപ്പ് ഫാമുകളിലൂടെ തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുമായി 25 കോടി രൂപ വകയിരുത്തുന്നു.

·                   നാളീകേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്നും 34 രൂപയായി ഉയര്‍ത്തുന്നു. 

·                   സുഗന്ധ വ്യഞ്ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 4.60 കോടി രൂപ വകയിരുത്തുന്നു. 

·                   വി.എഫ്‌.പി.സി.കെ (VFPCK) – ക്കുളള വകയിരുത്തല്‍ നടപ്പ് വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് 30 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു.

·                   തദ്ദേശീയവും വിദേശീയവുമായ പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഫലവര്‍ഗ്ഗ കൃഷി വിപുലീകരിക്കും. ഇതിനായി 18.92 കോടി രൂപ വകയിരുത്തുന്നു. 

·                   വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനായി കൃഷിവകുപ്പിന് കീഴില്‍ 2 കോടി രൂപ അനുവദിക്കുന്നു.

·                   സ്മാര്‍ട്ട് കൃഷിഭവനുകള്‍ക്കായി 10 കോടി രൂപയും ‘കൃഷി ദര്‍ശന്‍’ പരിപാടികള്‍ക്കായി 2.10 കോടി രൂപയും അനുവദിക്കുന്നു.

·                   ഞങ്ങളും കൃഷിയിലേക്ക്’ പരിപാടിക്ക് 6 കോടി രൂപ അനുവദിക്കുന്നു.

·                   ഫാം യന്ത്രവല്‍ക്കരണത്തിനുളള സഹായ പദ്ധതിക്കായി 19.81 കോടി രൂപ വകയിരുത്തുന്നു.

·                   കാര്‍ഷിക കര്‍മ്മസേനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടു ത്തുന്നതിനായി 8 കോടി രൂപ അനുവദിക്കുന്നു. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തുന്നു.

·                   കുട്ടനാട് മേഖലയിലെ കാര്‍ഷിക വികസനത്തിനായി 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തി നായി 12 കോടി രൂപയും വകയിരുത്തുന്നു.      

·                   കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം, സംഭരണം, വെയര്‍ ഹൗസിംഗ്, എന്നിവയ്ക്കായി 74.50 കോടി രൂപ വകയിരുത്തുന്നു.

·                   ചെറുകിട – ഇടത്തര സംസ്കരണ  സംരംഭങ്ങള്‍ക്കുളള യന്ത്രോപകരണങ്ങള്‍ എഫ്.പി.ഒ-കള്‍ മുഖേന വാങ്ങുന്ന തിനുളള സഹായത്തിനായി 3.75 കോടി രൂപ അനുവദിക്കുന്നു. 

മണ്ണ് – ജലസംരക്ഷണം

·                   മണ്ണ് ജലസംരക്ഷണ മേഖലയിലെ പദ്ധതി പ്രവര്‍ത്തന ങ്ങള്‍ക്കായി 89.75 കോടി രൂപ വകയിരുത്തുന്നു.      

·                   തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 9 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി 3 കോടി രൂപ അനുവദിക്കുന്നു. പാലക്കാട് ജില്ലയിലെ തൃത്താല, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലങ്ങളില്‍ നീര്‍ത്തട വികസനത്തിന് 2 കോടി രൂപ വീതം അനുവദിക്കുന്നു.

മൃഗസംരക്ഷണവും ക്ഷീരവികസനവും

·                   മൃഗസംരക്ഷണ ക്ഷീര വികസന ഉപമേഖലകള്‍ക്കുള്ള ആകെ അടങ്കല്‍ 435.40 കോടി രൂപയാണ്. മൃഗസംരക്ഷണവകുപ്പിന് 320.64 കോടി രൂപയും ക്ഷീരവികസന വകുപ്പിന് 114.76 കോടി രൂപയും ബജറ്റില്‍ വകയിരുത്തുന്നു. കേന്ദ്ര സഹായമായി 9.91 കോടി രൂപ പ്രതീക്ഷിക്കുന്നു.

·                   മൃഗചികിത്സാ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി  41 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡിനുള്ള സഹായം 2022-23 ലെ 23.47 കോടി രൂപയില്‍ നിന്നും 29.68 കോടി രൂപയായി ഉയര്‍ത്തുന്നു.

·                   കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന് കീഴില്‍ പുതിയതായി ഒരു ‍ഡയറി പാര്‍ക്ക് 20 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. ആദ്യപടിയായി 2 കോടി രൂപ വകയിരുത്തുന്നു. 

·                   കേരള ഫീഡ്സ് ലിമിറ്റഡിന്റെ പദ്ധതി വിഹിതം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു കൊണ്ട്  20 കോടി രൂപ വകയിരുത്തുന്നു.

·                   ഡോര്‍ സ്റ്റെപ്പ് വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി രൂപ വകയിരുത്തുന്നു.

·                   മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യക്ക് സഹായമായി 13.50 കോടി രൂപ വകയിരുത്തുന്നു.

·                   കൊല്ലം, കാസറഗോഡ് ജില്ലകളില്‍ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കുന്നതിന് 4 കോടി രൂപ വകയിരുത്തുന്നു.

ക്ഷീരവികസനം      

·                   ക്ഷീരവികസന മേഖലക്ക് RIDF വായ്പ അടക്കം ആകെ 114.76 കോടി രൂപ വകയിരുത്തുന്നു.

·                   ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നതിനായി 2.40 കോടി രൂപ വകയിരുത്തുന്നു. ‘വാണിജ്യ ക്ഷീരവികസന പ്രവര്‍ത്തനങ്ങളും മില്‍ക്ക്ഷെഡ് വികസന പ്രവര്‍ത്തന ങ്ങളും’ എന്ന പദ്ധതിക്ക് 42.33 കോടി രൂപ വകയിരുത്തുന്നു.

·                   തീറ്റപ്പുല്‍, അസോള, ചോള കൃഷികള്‍ക്കുള്ള സഹായം, ജലസേചന സഹായം, സൈലേജ് നിര്‍മ്മാണ യൂണിറ്റുകള്‍, തീറ്റപ്പുല്‍ ഹബ്ബ് എന്നിവയുടെ പ്രവര്‍ത്തന ങ്ങള്‍ക്കായി 8.50 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാന കാലിത്തീറ്റ ഫാമും മോഡല്‍ ഡയറി യൂണിറ്റും സ്ഥാപിക്കല്‍” എന്ന പുതിയ പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തുന്നു.

മത്സ്യബന്ധനം

·                   മത്സ്യബന്ധന മേഖലയ്ക്കാകെ 321.31 കോടി രൂപ വകയിരുത്തുന്നു.

·                   ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി 5 കോടി രൂപ വകയിരുത്തുന്നു.

·                   കടലോര മത്സ്യബന്ധനം പദ്ധതികള്‍ക്കായി 61.10 കോടി രൂപ വകയിരുത്തുന്നു.

·                   മത്സ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തി നായുളള സമുദ്ര പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്
3.50 കോടി രൂപ വകയിരുത്തുന്നു.

·                   മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്ര ത്തില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ - സാഗരം പദ്ധതി നടപ്പാക്കുന്നതിനായി പദ്ധതി വിഹിതമായ 50 ലക്ഷം രൂപ ഉള്‍പ്പെടെ 5 കോടി രൂപ അനുവദിക്കുന്നു.

·                   മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാന്‍ 10 കോടി രൂപയുടെ ഒരു പുതിയ പദ്ധതി പ്രഖ്യാപിക്കുകയാണ്. 60% നിരക്കില്‍ പരമാവധി തുകയായി 10 ലക്ഷം രൂപ വരെ സബ്സിഡിയിനത്തില്‍ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.

·                   മത്സ്യബന്ധന ബോട്ടുകളുടെ  എന്‍ജിനുകള്‍ ഘട്ടംഘട്ട മായി പെട്രോള്‍/ഡീസല്‍ എന്‍ജിനുകളാക്കി മാറ്റുന്നതിനുളള പുതിയ പദ്ധതിക്കായി ആദ്യഘട്ടത്തില്‍
8 കോടി രൂപ വകയിരുത്തുന്നു.

മാരികള്‍ച്ചര്‍ വികസനം

സര്‍,

·                   നോര്‍വേയില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ പിന്തുണയോടെ സമുദ്ര കൂടുകൃഷി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.  കേരളത്തിലെ യോജിച്ച പ്രദേശങ്ങളില്‍ മത്സ്യത്തൊഴി ലാളികളുടെ സജീവ പങ്കാളിത്തത്തോടെ ജലകൃഷിക്കായി (Aquafarming) ജലത്തില്‍ മുങ്ങിക്കിടക്കുന്ന മാതൃകാ കൂടുകള്‍ (Cages) സ്ഥാപിക്കാന്‍ വിഭാവനം ചെയ്യുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെയും (കുസാറ്റ്) ഫിഷറീസ് സര്‍വ്വകലാ ശാലയുടെയും ഫിഷറീസ് മേഖലയിലെ മറ്റ്
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഗവേഷണ-വികസന പിന്തുണയും ഇതിനായി ഉപയോഗിക്കും. ആധുനിക കൂടുകളില്‍
Lice Skirt  സംരക്ഷണവും അത്യാധുനിക സെന്‍സര്‍ സാങ്കേതിക വിദ്യയും ഘടിപ്പിക്കും. ഇതിനായി 9 കോടി രൂപ അധികമായി വകയിരുത്തുന്നു.

സീഫുഡ് പ്രോസസ്സിംഗ് പാര്‍ക്ക് & അക്വാകള്‍ച്ചര്‍ വാല്യൂ അഡീഷന്‍

·                   മത്സ്യോല്‍പ്പന്നങ്ങളുടെ സംസ്കരണത്തിലും സംഭരണ ത്തിലും അന്താരാഷ്ട്ര നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.  ഇതിന് ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യോല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ദ്ധന വരുത്തുന്നതില്‍ നോര്‍വേ മികച്ച മാതൃകയാണ്. ഫലപ്രദമായ ശീതശൃംഖലകള്‍ (Cold Chains), ആധുനിക ഉപകരണ ങ്ങള്‍, വൈദഗ്ധ്യമുള്ള മനുഷ്യശക്തി എന്നിവ വഴി വിപണനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഇതിനായി കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള ഫുഡ്പാര്‍ക്ക് നവീകരിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.  പദ്ധതിയ്ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.

·                   പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി
27 കോടി രൂപ വകയിരുത്തുന്നു.

·                   ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്ക്  82.11 കോടി രൂപ വകയിരുത്തുന്നു.

·                   അക്വാകള്‍ച്ചര്‍ ഉത്പാദനം നിലവിലുള്ളതിന്റെ ഇരട്ടി യായ 50,000 ടണ്‍ ആക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി 67.50 കോടി രൂപ നീക്കി വയ്ക്കുന്നു.

·                   വനാമി കൊഞ്ച് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5.88 കോടി രൂപ വകയിരുത്തുന്നു.

·                   നൂതന അക്വാകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൈപ്പാട്, കോള്‍, പൊക്കാളി പ്രദേശങ്ങളില്‍ കൊഞ്ച് കൃഷി വ്യാപിപ്പിക്കുന്നതിനുമായി 5 കോടി രൂപ നീക്കി വയ്ക്കുന്നു.

·                   ഫിഷ് സീഡ് ഫാക്ടറികളും ഹാച്ചറികളും വിപുലീകരിക്കുന്ന തിനായി 20 കോടി രൂപ വകയിരുത്തുന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 5 കോടി രൂപ അധികമാണ്. 

ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍

·                   ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സംഘവും നടത്തിയ യൂറോപ്പ് സന്ദര്‍ശനത്തിനുശേഷം രൂപീകരിച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഒരു ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെ-ഡിസ്ക്, നോളജ് മിഷന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ആര്‍&ഡി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, കയറ്റുമതിക്കാര്‍ എന്നിവ രുള്‍പ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷന്‍ കേന്ദ്രമായി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്ന താണ്. കൗണ്‍സിലിന്റെ രൂപീകരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കോടി രൂപ വകയിരുത്തുന്നു.

·                   മത്സ്യഫെഡിന് കീഴില്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന ആറാട്ടുപുഴയിലെ ഫിഷ് മീല്‍ പ്ലാന്റിനായി 3 കോടി രൂപയും നീണ്ടകരയിലെ യാണ്‍ ട്വിസ്റ്റിംഗ് ആന്റ് നെറ്റ് ഫാക്ടറി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 5 കോടി രൂപയും ഒറ്റത്തവണ സഹായമായി ഫിഷറീസ് വകുപ്പിന് വകയിരുത്തുന്നു.

·                   ഫിഷറീസ് സര്‍വ്വകലാശാലയുടെ പുതിയ കാമ്പസ് പയ്യന്നൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ കാമ്പസിന്റെ വികസനത്തിനു വേണ്ടിയുളള അടിയന്തര ആവശ്യങ്ങള്‍ക്കായി 2 കോടി രൂപ അനുവദിക്കുന്നു.

·                   മുതലപ്പൊഴി മാസ്റ്റര്‍ പ്ലാനിനായി 50 ലക്ഷം രൂപ വകയിരുത്തുന്നു. ഇതുള്‍പ്പെടെ മത്സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട 5 പദ്ധതികള്‍ക്കായി
12.90 കോടി രൂപ വകയിരുത്തുന്നു.

·                   നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, നവീകരണ പ്രവര്‍ത്തനങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം, കൊല്ലം ജില്ലയിലെ ആലപ്പാട് അഴീക്കല്‍ (കായംകുളം) മത്സ്യബന്ധന തുറമുഖം എന്നിവയുടെ ആധുനികവല്‍ക്കരണ
മുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് - ആര്‍.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ 20 കോടി രൂപ വകയിരുത്തുന്നു.

തീരദേശ വികസനം

·                   തീരദേശ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കായി 115.02 കോടി രൂപ വകയിരുത്തുന്നു.

·                   മത്സ്യബന്ധന തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും  നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ്  വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതിയുടെ പ്രവൃത്തികള്‍ക്കായി 20 കോടി രൂപയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കും മണ്ണ് നീക്കലിനുമായി  9.52 കോടി രൂപയും  മത്സ്യബന്ധന തൊഴിലാളികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി 10 കോടി രൂപയും അനുവദിക്കുന്നു.

സര്‍,

·                    പുനര്‍ഗേഹം’ പദ്ധതിക്ക് നടപ്പ് വര്‍ഷം ബജറ്റ് വിഹിതത്തിലുപരിയായി 67.75 കോടി രൂപ അനുവദിച്ചിരുന്നു. 2023-24 ല്‍ പുനര്‍ഗേഹം പദ്ധതിയുടെ വകയിരുത്തല്‍ 16 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു.

·                   തീരസംരക്ഷണ പ്രവൃത്തികള്‍ക്കായി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തുന്നു.

വനവും വന്യജീവി സംരക്ഷണവും

·                   വനം - വന്യജീവി മേഖലയിലെ വിവിധ പദ്ധതി കള്‍ക്കായി, നബാര്‍ഡ് വായ്പ ഉള്‍പ്പെടെ 241.66 കോടി രൂപ വകയിരുത്തുന്നു.

·                   ജനപങ്കാളിത്തത്തോടു കൂടിയുള്ള സുസ്ഥിരമായ വനസംരക്ഷണവും വനത്തിനുള്ളില്‍ ജലലഭ്യതയും ശാസ്ത്രീയമായ വനമാനേജ്മെന്റും നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ക്കുള്ള വിഹിതം 35 കോടി രൂപയില്‍ നിന്നും 50 കോടി രൂപയായി ഉയര്‍ത്തുന്നു.

·                   വന സംരക്ഷണ പദ്ധതി”-ക്കായി 26 കോടി രൂപ നീക്കിവയ്ക്കുന്നു. 

·                   ആധുനിക സാങ്കേതിക വിദ്യയും അത്യാധുനിക ഉപകരണ ങ്ങളും ഉപയോഗിച്ച് വനാതിര്‍ത്തി തിട്ടപ്പെടുത്തുക, കയ്യേറ്റങ്ങള്‍ തടയുക എന്നിവ ലക്ഷ്യമിടുന്ന  പദ്ധതിക്കായി 28 കോടി രൂപ വകയിരുത്തുന്നു.

ജൈവ വൈവിധ്യ സംരക്ഷണം

·                   ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു. പിണറായിയിലെ കാര്‍ഷിക വൈവിധ്യ കേന്ദ്രം, വെളളായണി കാര്‍ഷിക കോളേജിലെ കാര്‍ഷിക ജൈവ വൈവിധ്യ പ്രവര്‍ത്തനം എന്നിവയും അടുത്ത വര്‍ഷം നടപ്പിലാക്കും.   

·                   ഇക്കോ ടൂറിസം പദ്ധതികള്‍ക്കായി 7 കോടി രൂപ വകയിരുത്തുന്നു.

·                   തിരുവനന്തപുരത്തെ കോട്ടൂരില്‍ ലോകോത്തര നിലവാരത്തിലുള്ള ആന പുനരധിവാസ കേന്ദ്രത്തിന് ഒരു കോടി രൂപ വകയിരുത്തുന്നു.

·                   പ്രോജക്ട് എലിഫന്റ് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 5.20 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാനത്തെ 16 വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെ പരിപാലനം എന്ന പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 4.76 കോടി രൂപ വകയിരുത്തുന്നു.

·                   പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായുമുള്ള ‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 6.70 കോടി രൂപ വകയിരുത്തുന്നു. 

·                   ദേശീയ വനവല്‍ക്കരണ പരിപാടിയുടെ സംസ്ഥാന വിഹിതമായി 4 കോടി രൂപ നീക്കി വയ്ക്കുന്നു.

·                   പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രദേശങ്ങളെ പ്രകൃതിദത്ത വനങ്ങളാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി 51.57 കോടി രൂപ വകയിരുത്തുന്നു. 

·                   തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി 6 കോടി രൂപ വകയിരുത്തുന്നു.

ഗ്രാമവികസനം

·                   ഗ്രാമവികസന മേഖലയ്ക്കാകെ 6294.30 കോടി രൂപ വകയിരുത്തുന്നു. കേന്ദ്ര സഹായമായി 4515.29 കോടി രൂപ പ്രതീക്ഷിക്കുന്നു.

·                   2023-24 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും 3110 കോടി രൂപ തൊഴിലുറപ്പ് വേതനമായി ലഭ്യമാക്കുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നു. പദ്ധതിയുടെ സംസ്ഥാന വിഹിതമായി 230.10 കോടി രൂപ വകയിരുത്തുന്നു. കേന്ദ്രവിഹിതമായി 4066.69 കോടി രൂപ പ്രതീക്ഷിക്കുന്നു.

·                   പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജനയുടെ (PMGSY) സംസ്ഥാന വിഹിതമായി 80 കോടി രൂപ വകയിരുത്തുന്നു. പദ്ധതിയുടെ കേന്ദ്രവിഹിതമായി 120 കോടി രൂപ പ്രതീക്ഷിക്കുന്നു. 

·                   അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 150 കോടി രൂപ വകയിരുത്തുന്നു.

·                   പ്രാദേശിക സര്‍ക്കാരുകള്‍ വഴി നടപ്പിലാക്കുന്ന ദീന്‍ദയാല്‍ -  അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പൊതു വിഭാഗം, പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണ്‍ (പൊതുവിഭാഗം)  എന്നീ പദ്ധതികളുടെ സംസ്ഥാനവിഹിതമായി 111.86 കോടി രൂപ വകയിരുത്തുന്നു.

തദ്ദേശഭരണം

·                   തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുളള പദ്ധതി വിഹിതം (വികസന ഫണ്ട്) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ 27.19 ശതമാനം ആയി ഉയര്‍ത്തുന്നു. പദ്ധതി വിഹിതമായി 8258 കോടി രൂപ വകയിരുത്തുന്നു. മെയിന്റനന്‍സ് ഫണ്ടിനത്തില്‍ 3647 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 2244 കോടി രൂപയും വകയിരുത്തുന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനു കളിലും നടപ്പാക്കുന്ന പദ്ധതിയായ കേരള ഖരമാലിന്യ പരിപാലന പ്രോജക്ടിനുളള 210 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. 

·                   വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി കുടുംബശ്രീക്ക് 260 കോടി രൂപ വകയിരുത്തുന്നു.

·                   സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി 24.40 കോടി രൂപ വകയിരുത്തുന്നു. കേന്ദ്രവിഹിതമായി 36.60 കോടി രൂപ പ്രതീക്ഷിക്കുന്നു.

·                   ശുചിത്വ മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിക്കുന്നു.

·                   ലൈഫ്‌ മിഷന്റെ ഭാഗമായി 2023-24 -ല്‍ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും. ഇതിനായി 1436.26 കോടി രൂപ നീക്കി വയ്ക്കന്നു. ലൈഫ് മിഷന്‍ മുഖേന ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.

·                   ദീന്‍ ദയാല്‍ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതിക്കുളള കേന്ദ്ര വിഹിതമായി 97.50 കോടി രൂപ പ്രതീക്ഷിക്കുന്നു. സംസ്ഥാന വിഹിതമായി 65 കോടി രൂപ മാറ്റിവയ്ക്കുന്നു.

പ്രത്യേക വികസന പാക്കേജുകള്‍

·                   ഇടുക്കി വികസന പാക്കേജിനായി  75 കോടി രൂപ വകയിരുത്തുന്നു.

·                   വയനാട് വികസന പാക്കേജിനായി 75 കോടി രൂപ വകയിരുത്തുന്നു.

·                                     കാസറഗോഡ് പാക്കേജിന് 75 കോടി രൂപ വകയിരുത്തുന്നു.

·                   രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനം പുരോഗമി ക്കുകയാണ്. കാര്യക്ഷമമായ പദ്ധതി നിര്‍വ്വഹണത്തി നായി മുഖ്യമന്ത്രി ചെയര്‍മാനായ കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

സര്‍,

·                   രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട് കായലിലടക്കം കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകള്‍ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിനാവശ്യമായുളള വകയിരുത്തല്‍ 87 കോടി രൂപയില്‍ നിന്ന്  137 കോടി രൂപയായി ഉയര്‍ത്തുന്നു.

ശബരിമല മാസ്റ്റര്‍ പ്ലാന്‍

·                   ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ ഘടകങ്ങള്‍ക്കായി 30 കോടി രൂപ വകയിരുത്തുന്നു.

·                   ശബരിമലയില്‍ കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപയും പമ്പാ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഹില്‍ടോപ്പ് വരെയുള്ള സുരക്ഷാ പാലത്തിന്റെ നിര്‍മ്മാണത്തിന് 2 കോടി രൂപയും നിലയ്ക്കല്‍ കോര്‍ ഏരിയ വികസനത്തിനായി 2.50 കോടി രൂപയും പമ്പ മുതല്‍ സന്നിധാനം വരെ ഔഷധ കുടിവെള്ള വിതരണ സംവിധാനം ഒരുക്കുന്നതിന് 2 കോടി രൂപയും നീക്കിവയ്ക്കുന്നു. എരുമേലി മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനായി 10 കോടി രൂപ കൂടി അധികമായി അനുവദിക്കുന്നു.

സഹകരണം          

·                   സഹകരണ മേഖലയ്ക്ക് 140.50 കോടി രൂപ വകയിരുത്തുന്നു.

·                   കാര്‍ഷിക രംഗത്ത് സഹകരണ മേഖലയുടെ സമഗ്ര ഇടപെടല്‍ സുശക്തമാക്കുന്നതിനായി കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇന്‍ ടെക്നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചര്‍ (CITA) എന്ന പദ്ധതിക്കുളള  വകയിരുത്തല്‍ 23 കോടി രൂപയില്‍ നിന്ന് 34.50 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു. 

·                   പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15.75 കോടി രൂപ വകയിരുത്തുന്നു.

·                   സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുളള വിദ്യാഭ്യാസ–ഗവേഷണ–പരിശീലന പരിപാടികള്‍ക്കായി 4 കോടി രൂപയുടെ സഹായം പ്രഖ്യാപിക്കുന്നു. 

·                   സഹകരണ വകുപ്പിന്റെ ആധുനികവത്കരണത്തിനായി 5.50 കോടി രൂപ വകയിരുത്തുന്നു.

·                   സഹകരണ ആശുപത്രികള്‍ക്കുള്ള ധനസഹായം, ആശുപത്രി സഹകരണ സംഘങ്ങളുടെ അപക്സ് ഫെഡറേഷനുള്ള സഹായം, യുവജന സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം, സാഹിത്യ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായം എന്നിങ്ങനെ വിവിധ പരിപാടികള്‍ക്കുള്ള വകയിരുത്തല്‍ 8.50 കോടി രൂപയില്‍ നിന്നും 18.40 കോടി രൂപയായി ഉയര്‍ത്തുന്നു. 

·                   പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ ആരംഭിക്കുന്നതിനും ഉല്‍പ്പാദന യൂണിറ്റുകള്‍ ഏറ്റെടുക്കുന്ന എസ്.സി/എസ്.ടി സഹകരണ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും മറ്റുമായി 8 കോടി രൂപ വകയിരുത്തുന്നു.

·                   പട്ടികജാതി-പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനര്‍ജനി പദ്ധതിയ്ക്കായി 3.60 കോടി രൂപ അനുവദിക്കുന്നു.

·                   വനിതാ സഹകരണ സംഘങ്ങള്‍ക്കും വനിതാ ഫെഡിനും സഹായം അനുവദിക്കുന്നതിനായി 2.50 കോടി രൂപ നീക്കി വയ്ക്കുന്നു.

·                   സഹകരണ അംഗ സമാശ്വാസ നിധി’ യിലേക്കുള്ള സര്‍ക്കാര്‍ ധനസഹായമായി 4.20 കോടി രൂപ വകയിരുത്തുന്നു.

·                   പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട വിപണനം, കാര്‍ഷിക സംസ്കരണം, ആരോഗ്യമേഖലയിലെ സഹകരണ സംരംഭങ്ങള്‍ മുതലായവയ്ക്കായി നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ് സഹായമായി 15 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   കേരളത്തിലെ സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പുനരാവിഷ്കരണവും നവീകരണവും നടക്കേണ്ടതുണ്ട്. ഇതിനായി ഒരു പ്രത്യേക പദ്ധതി രൂപപ്പെടുത്തും. അതിലേക്കായി 5 കോടി രൂപയുടെ അധിക വകയിരുത്തലും പ്രഖ്യാപിക്കുന്നു.

·                   കേരള സഹകരണ മേഖലയുടെ സമഗ്ര വികസനത്തിനായി ‘കേരള സഹകരണ സംരക്ഷണ നിധി’ 2023-24-ല്‍ നിലവില്‍ വരും. സഹകരണ സംഘങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് ഒരു നിശ്ചിത ശതമാനവും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള വിഹിതവും സംയോജിപ്പിച്ചാണ് ഫണ്ട് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

·                   പ്രാഥമിക വായ്പാ സംഘങ്ങള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, മൊത്ത വ്യാപാര സ്റ്റോറുകള്‍/ ഫെഡറേഷനുകള്‍ എന്നിവയ്ക്കുള്ള ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയ്ക്കായി 28.10 കോടി രൂപ മാറ്റി വയ്ക്കുന്നു. കേരള ബാങ്ക് വഴി 100 എഫ്.പി.ഒ-കള്‍ രൂപീകരിക്കുന്നതിനായി 10 കോടി രൂപ അധികമായി അനുവദിക്കുന്നു.

ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും

·                   ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനു മായി ആകെ 525.45 കോടി രൂപ വകയിരുത്തുന്നു. വന്‍കിട-ഇടത്തരം ജലസേചന പദ്ധതികള്‍ക്കായി
184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 169.18 കോടി രൂപയും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും വകയിരുത്തുന്നു.

·                   ഇടമലയാര്‍ ജലസേചന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു.

·                   കാവേരി നദീതടത്തിലെ ജലവിഭവങ്ങളുടെ വിനിയോഗ ത്തിനായി ഇടത്തരം, ചെറുകിട, ജലസേചന പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര നദീതട വികസന പദ്ധതി നടപ്പിലാക്കുന്നതാണ്.

·                   2026-ന് മുന്‍പ് തന്നെ സംസ്ഥാനത്തെ പണി തീരാതെ കിടക്കുന്ന എല്ലാ വലിയ ജലസേചന പദ്ധതികളും കമ്മീഷന്‍ ചെയ്യും. വയനാട്ടില്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ എന്നീ ജലസേചന പദ്ധതികള്‍ 2025-ല്‍ കമ്മീഷന്‍ ചെയ്യും. കാരാപ്പുഴ പദ്ധതിയുടെ വകയിരുത്തല്‍ 17 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു. ബാണാസുരസാഗര്‍ പദ്ധതിയുടെ വകയിരുത്തല്‍ 12 കോടി രൂപയില്‍ നിന്ന്
18 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു.

·                   കാവേരി നദീതടത്തിലെ ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 2.60 കോടി രൂപ വകയിരുത്തുന്നു.

·                   ഭവാനി നദീതടത്തില്‍ ചെറുകിട ജലസേചന പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനും അട്ടപ്പാടിയില്‍ ചെക് ഡാമുകള്‍ (തടയണ) നിര്‍മ്മിക്കുന്നതിനുമായി 1.80 കോടി രൂപ വകയിരുത്തുന്നു.

പട്ടിശ്ശേരി പദ്ധതി

·                   ഇടുക്കി ജില്ലയിലെ പട്ടിശ്ശേരി ഡാമിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 14 കോടി രൂപ വകയിരുത്തുന്നു.

·                   മംഗലം, മലമ്പുഴ, പോത്തുണ്ടി, ചിറ്റൂര്‍പുഴ, ചേരമംഗലം എന്നീ പദ്ധതികളുടെ ഫീല്‍ഡ് ചാനലുകളുടെയും ഡ്രെയിനുകളുടെയും കാഡാ കനാലുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി 8 കോടി രൂപ വകയിരുത്തുന്നു.  

·                   ഡാം പുനരുദ്ധാരണവും വികസനവും പദ്ധതി’ (ഡ്രിപ്പ്) രണ്ടാം ഘട്ടത്തിനായി      58 കോടി രൂപ വകയിരുത്തുന്നു.

·                   കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ശൃംഖലകളുടെ  നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി  5 കോടി രൂപ വകയിരുത്തുന്നു.

·                   പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍, ശാഖാ കനാല്‍, വിതരണ ശൃഖല എന്നിവയുടെ നവീകരണ ത്തിനായി 10 കോടി രൂപ വകയിരുത്തുന്നു.

·                   പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പുഴ, കാഞ്ഞിരപ്പുഴ എന്നീ പദ്ധതികളുടെ കനാല്‍ നവീകരണത്തിനായി 22 കോടി രൂപ വകയിരുത്തുന്നു.

·                   കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പില്‍വേയിലേയും പ്രളയ നിവാരണത്തിനായി നടപ്പിലാക്കുന്ന തോട്ടപ്പള്ളി പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   വേനല്‍ക്കാലത്ത് മീനച്ചില്‍ നദീതടത്തില്‍ അനുഭവ പ്പെടുന്ന കടുത്ത ജലക്ഷാമത്തിനൊരു പരിഹാരം എന്ന നിലയില്‍ നദിക്ക് കുറുകെ അരുണാപുരത്ത് ഒരു ചെറിയ ഡാമും ആര്‍സിബിയും നിര്‍മ്മിക്കുന്ന മീനച്ചില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാനത്തുടനീളം ചെറുകിട ജലസേചന പദ്ധതി കളുടെ വികസനത്തിനായി 169.18 കോടി രൂപ വകയിരുത്തുന്നു.

·                   ഭൂഗര്‍ഭ ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും, അവയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 15 കോടി രൂപ വകയിരുത്തുന്നു.

·                   ഭൂഗര്‍ഭജലം അടിസ്ഥാനമാക്കിയുളള കുടിവെള്ള പദ്ധതിക്കായി  5.58 കോടി രൂപ വകയിരുത്തുന്നു.

·                   ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്കായി ആകെ 24 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ 19 കോടി രൂപ പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വേണ്ടിയായിരിക്കും.

·                   ഹരിതകേരളം മിഷനുമായി ചേര്‍ന്ന് കുളങ്ങളുടെ നവീകരണം, കുളങ്ങളെ ജലസേചന പദ്ധതികളുമായി ബന്ധിപ്പിക്കല്‍ മുതലായ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്ന തിനായി 7.50 കോടി രൂപ വകയിരുത്തുന്നു.

·                   കമ്മ്യൂണിറ്റി മൈക്രോ-ഇറിഗേഷന്‍ പദ്ധതി” വഴി എല്ലാ ജില്ലകളിലും ആധുനിക രീതിയിലുളള മൈക്രോ-ഇറിഗേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി
12 കോടി രൂപ വകയിരുത്തുന്നു.   

·                   നദികള്‍ മാലിന്യമുക്തമാക്കുന്ന പദ്ധതിയ്ക്കായി 2 കോടി രൂപ വകയിരുത്തുന്നു.

·                   കുട്ടനാട്ടില്‍ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശ ങ്ങളിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മ്മിക്കുന്ന തിനുള്ള പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തുന്നു.

·                   ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിനായി 37 കോടി രൂപ വകയിരുത്തുന്നു.

·                   തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപ വകയിരുത്തുന്നു.

ഊര്‍ജ്ജം    

·                   ഊര്‍ജ്ജ മേഖലയുടെ അടങ്കല്‍ 1158.09 കോടി രൂപയാണ്.

·                   ഡി.പി.ആര്‍ ഘട്ടത്തിലുള്ളതോ മുന്‍ഗണനാടിസ്ഥാന ത്തില്‍ ഏറ്റെടുക്കുന്നതോ ആയ ജലവൈദ്യുത പദ്ധതികളായ ഇടുക്കി ഗോള്‍ഡന്‍ ജൂബിലി പവര്‍ ഹൗസ് പ്രോജക്ട്, മൂഴിയാര്‍ രണ്ടാം ഘട്ടം, ലച്മി, പൂയംകുട്ടി, പെരിങ്ങല്‍കുത്ത് തുടങ്ങിയ വിവിധ ജലവൈദ്യുത പദ്ധതികള്‍ക്കായി 10 കോടി രൂപ വകയിരുത്തുന്നു.

·                   വിവിധ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി 10 കോടി രൂപ വകയിരുത്തുന്നു.

·                   ഊര്‍ജ്ജ കേരള മിഷനു കീഴില്‍ ‘സൗര’ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു.

·                   പുതിയ സബ്സ്റ്റേഷനുകള്‍, ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള സബ്സ്റ്റേഷനുകളുടെ ശേഷി ഉയര്‍ത്തുന്നതിനും പ്രസരണ മേഖലയിലെ വിവിധ പ്രവൃത്തികള്‍ക്കുമായി 300 കോടി രൂപ വകയിരുത്തുന്നു.

·                   ഷോളയാര്‍, കുറ്റ്യാടി, ഇടുക്കി സ്റ്റേജ്-I എന്നീ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 12 കോടി രൂപ വകയിരുത്തുന്നു.

·                   വൈദ്യുതവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവൃത്തികള്‍ക്കായി 150 കോടി രൂപ വകയിരുത്തുന്നു.

·                   പ്രളയ പ്രതിരോധ നിര്‍മ്മാണങ്ങള്‍ക്കായി KSEB യ്ക്ക്
7 കോടി രൂപ വകയിരുത്തുന്നു.

·                   ദ്യുതി’ പദ്ധതിയുടെ കീഴിലുള്ള വിവിധ പ്രവൃത്തികള്‍ക്കായി 376 കോടി രൂപ വകയിരുത്തുന്നു.

·                   എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   ഇടമണ്‍-കൊച്ചി പദ്ധതിക്കുള്ള നഷ്ടപരിഹാര പാക്കേജി നായി 30 കോടി രൂപ വകയിരുത്തുന്നു.

·                   പുനരാവര്‍ത്തക ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള ഇന്നവേഷന്‍ ഫണ്ട്, വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നിവയ്ക്കുള്ള സംസ്ഥാന വിഹിതമായി 34.36 കോടി രൂപ വകയിരുത്തുന്നു.

·                   അനര്‍ട്ടിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 49 കോടി രൂപ വകയിരുത്തുന്നു.

·                   എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9.14 കോടി രൂപ അനുവദിക്കുന്നു.

വ്യവസായവും ധാതുക്കളും

·                   2023-24 ല്‍ വ്യവസായ മേഖലയുടെ ആകെ അടങ്കല്‍ 1259.66 കോടി രൂപയാണ്. ഇതില്‍ ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കുളള വിഹിതം 483.40 കോടി രൂപയാണ്.  കേന്ദ്ര സഹായമായി 12 കോടി രൂപ പ്രതീക്ഷിക്കുന്നു.

·                   ചെറുകിട വ്യവസായത്തിന് 212.70 കോടി രൂപയും കയര്‍ വ്യവസായത്തിന് 117 കോടി രൂപയും കശുവണ്ടി വ്യവസായത്തിന് 58 കോടി രൂപയും ഖാദി-ഗ്രാമ വ്യവസായത്തിന് 16.10 കോടി രൂപയും കൈത്തറി, യന്ത്രത്തറി വ്യവസായത്തിന് 56.40 കോടി രൂപയും കരകൗശല മേഖലയ്ക്ക് 4.20 കോടി രൂപയും വാണിജ്യത്തിന് 7 കോടി രൂപയും വകയിരുത്തുന്നു.

·                   നിലവിലുളള വികസന പ്ലോട്ട്/പ്രദേശങ്ങള്‍ എന്നിവയുടെ നവീകരണത്തിനും ആധുനീകരണത്തിനുമായി 18 കോടി രൂപ വകയിരുത്തുന്നു.

·                   ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിര്‍മ്മാണ ത്തിനായി 10 കോടി രൂപ വകയിരുത്തുന്നു. സംസ്ഥാനത്തെ 25 ഓളം എസ്റ്റേറ്റുകള്‍/പാര്‍ക്കുകള്‍ എന്നിവയുടെ വികസനത്തിനായി 4 കോടി രൂപ വകയിരുത്തുന്നു.

·                   കരകൗശല മേഖലയില്‍ വ്യാപാര  പ്രോത്സാഹന കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി
2 കോടി രൂപ വകയിരുത്തുന്നു.

·                   ജില്ലാ വ്യവസായ കേന്ദ്രങ്ങളിലൂടെയും വിവിധ സ്ഥാപനങ്ങളിലൂടെയും 50,000 പേര്‍ക്ക് കാര്യശേഷി വികസന പരിപാടി നടപ്പാക്കാനായി 9 കോടി രൂപ വകയിരുത്തുന്നു.

·                   സ്വയംതൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി
60 കോടി രൂപ വകയിരുത്തുന്നു.

·                   പ്രളയവും  കോവിഡും മൂലം പ്രതിസന്ധികളില്‍പ്പെട്ട്  പ്രവര്‍ത്തന തടസ്സം നേരിടുന്നതോ  പ്രവര്‍ത്തനം നിലച്ചുപോയതോ ആയ MSME കളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി 2.50 കോടി രൂപ അനുവദിക്കുന്നു.

·                   നാനോ യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റായി
18 കോടി രൂപ വകയിരുത്തുന്നു.

·                   പി.എം. ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (PMFME) പദ്ധതിക്ക് സംസ്ഥാന വിഹിതമായി 8 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   പ്രവര്‍ത്തനക്ഷമമായ MSME യൂണിറ്റുകള്‍ക്ക് സഹായം നല്‍കുന്നതിനും നിലവിലുള്ള സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ഉയര്‍ത്തുന്നതിനുമുള്ള പ്രത്യേക പാക്കേജിനായി 21.50 കോടി രൂപ വകയിരുത്തുന്നു.

·                   സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്ന തിനായി 10 കോടി രൂപ അനുവദിക്കുന്നു.

·                   തോട്ടം ഉല്‍പ്പന്നങ്ങളുടെ സുരക്ഷിത ശേഖരണത്തിനായി പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ആധുനിക വെയര്‍ഹൗസുകള്‍ സ്ഥാപിക്കുക, ബ്രാന്‍ഡിംഗിന് സഹായം നല്‍കുക, പ്രിസിഷന്‍ കൃഷിരീതി, കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായം നല്‍കുക എന്നിവ ഉള്‍പ്പെടെ തോട്ടം മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ വകയിരുത്തുന്നു. 

·                   സംരംഭങ്ങളെയും വ്യവസായങ്ങളെയും എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുമായി ബന്ധിപ്പിക്കാനും, ജില്ലകളില്‍ എം.എസ്.എം.ഇ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും, പരാതി പരിഹാര കമ്മിറ്റികള്‍ക്കായി അപ്രൈസല്‍ ഡെസ്ക് രൂപീകരിക്കുന്ന തിനും ഉള്‍പ്പെടെയുളള വിവിധ പദ്ധതികള്‍ക്കായി
39 കോടി രൂപ നീക്കി വയ്ക്കുന്നു.  

·                   മുളയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസന ത്തിനായി 1.20 കോടി രൂപ വകയിരുത്തുന്നു.

സര്‍,     

·                   എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ‘സമഗ്ര കൈത്തറി ഗ്രാമം’ സ്ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു.

·                   കൈത്തറി സംഘങ്ങളുടെ ആധുനികവല്‍ക്കരണത്തിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനുമായി 5.50 കോടി രൂപ വകയിരുത്തുന്നു.

·                   കണ്ണൂര്‍ ജില്ലയിലെ നാടുകാണി കിന്‍ഫ്ര ടെക്സ്റ്റയില്‍ സെന്ററില്‍ ഒരു പരിസ്ഥിതി സൗഹൃദ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തുന്നു.

·                   കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണം/നിയന്ത്രിത യന്ത്രവല്‍ക്കരണം/പശ്ചാത്തല വികസനം എന്നിവ യ്ക്കായി 40 കോടി രൂപ വകയിരുത്തുന്നു.

·                   കയര്‍ മേഖലയിലെ ഗവേഷണങ്ങളും സാങ്കേതിക വിദ്യ വികസനവും നടത്തുന്ന കേന്ദ്രങ്ങള്‍ക്കുളള ധനസഹായ മായി 8 കോടി രൂപ വകയിരുത്തുന്നു.

·                   കയര്‍, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കുള്ള വിപണി വികസന സഹായ പദ്ധതിയുടെ സംസ്ഥാന വിഹിതമായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1 കോടി രൂപ അധികമായി ഉള്‍പ്പെടുത്തിക്കൊണ്ട് 10 കോടി രൂപ വകയിരുത്തുന്നു. 

·                   കയര്‍, കയര്‍ ഉല്‍പ്പന്നങ്ങളുടെ ‘ഉല്‍പ്പാദനവും വിപണന പ്രോത്സാഹനവും’ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 കോടി രൂപ അധികമാണ്.

·                   കയര്‍ ഉല്‍പ്പന്നങ്ങളുടെയും ചകിരിയുടെയും വില സ്ഥിരതാ ഫണ്ടിനായി 38 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കശുവണ്ടി ഫാക്ടറികളുടെ ആധുനികവല്‍ക്കരണത്തിനും യന്ത്രവല്‍ക്കരണത്തിനുമായി 2.25 കോടി രൂപയും കാപെക്സ്-ന്റെ കീഴിലുള്ള ഫാക്ടറികളുടെ ആധുനിക വല്‍ക്കരണത്തിന് 3.50 കോടി രൂപയും അനുവദിക്കുന്നു.

·                   ജൈവ കശുമാവ് കൃഷിക്കും കശുവണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനുമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിക്ക് 7.20 കോടി രൂപ വകയിരുത്തുന്നു.

·                   കേരള കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 43.55 കോടി രൂപ അനുവദിക്കുന്നു.

സര്‍,

·                   കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാ നായി പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്കായി 770.21 കോടി രൂപ വകയിരുത്തുന്നു. 

·                   തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി 20 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാനത്തെ വിവിധ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 31.75 കോടി രൂപ വകയിരുത്തുന്നു.

·                   കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്  ആകെ 122.50 കോടി രൂപ വകയിരുത്തുന്നു. 

·                   കെ.എസ്.ഐ.ഡി.സി മുഖേന വ്യാവസായിക വളര്‍ച്ചാ കേന്ദ്രങ്ങള്‍ക്ക് ആകെ 11.25 കോടി രൂപ വകയിരുത്തുന്നു.

·                   കോഴിക്കോട് കുറ്റ്യാടിയിലെ നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉള്‍പ്പെടെ കെ.എസ്.ഐ.ഡി.സി ക്ക് കീഴിലെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് 31.75 കോടി രൂപ നീക്കിവയ്ക്കുന്നു.

·                   കിന്‍ഫ്ര-യ്ക്ക് 335.56 കോടി രൂപ വകയിരുത്തുന്നു.  

·                   പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്ന തിനായുള്ള പദ്ധതിയുടെ വിവിധ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 44 കോടി രൂപ വകയിരുത്തുന്നു.

·                   പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ‌റൈസ് ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി ആയിട്ടുണ്ട്.  പദ്ധതിക്കായി  10 കോടി രൂപ വകയിരുത്തുന്നു.

·                   തൊടുപുഴ മുട്ടത്തെ കിന്‍ഫ്രയുടെ നേതൃത്വത്തിലുളള സ്പൈസ് പാര്‍ക്കിന് 4.50 കോടി രൂപ നീക്കിവയ്ക്കുന്നു.

·                   റബ്ബര്‍ മേഖലയിലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടല്‍ ആണ് 1050 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിക്കുന്ന കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനി. ആദ്യഘട്ടത്തില്‍ 200 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന സിയാല്‍ മോഡല്‍ റബ്ബര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതമായ 10 കോടി രൂപ ഉള്‍പ്പെടെ 20 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   ചെന്നൈ-ബംഗലുരു വ്യാവസായിക ഇടനാഴി പദ്ധതിയുടെ ഭാഗമായി ‘കൊച്ചി-പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍’-നായുള്ള സംസ്ഥാന ത്തിന്റെ പദ്ധതി ദേശീയ വ്യവസായ ഇടനാഴി വികസന നിര്‍വ്വഹണ ട്രസ്റ്റ് അംഗീകരിച്ചുകഴിഞ്ഞു.  സാമ്പത്തിക-തൊഴില്‍ രംഗങ്ങളില്‍ പരമാവധി വളര്‍ച്ച കൈവരിക്കുന്നതിന് കൊച്ചി-ബംഗലുരു വ്യവസായ ഇടനാഴിയുടെ സാക്ഷാത്കാരത്തോടെ സാധ്യമാകും.  പാലക്കാട് ജില്ലയില്‍, പദ്ധതിയുടെ ഒന്നാം ഘട്ടമായി 10,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി  5 വര്‍ഷത്തിനുള്ളില്‍ 22,000 പേര്‍ക്ക് നേരിട്ടും  80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുവാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

·                   3000 കോടി രൂപ നിക്ഷേപമുളള ഈ പദ്ധതിയുടെ  നടത്തിപ്പിനായി  കെ.എസ്.ഐ.ഡി.സി.-യും കിന്‍ഫ്രയും ഉള്‍പ്പെടുന്ന ഒരു ‘സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍’ രൂപീകരിക്കും.  പദ്ധതിക്കായി ഏകദേശം 2000 ഏക്കര്‍ സ്ഥലം കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ട്.  ഇതില്‍ 1000 ഏക്കര്‍ സ്ഥലം പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും ബാക്കി 1000 ഏക്കര്‍ സ്ഥലം കിഫ്ബി ഫണ്ട് ഉപയോഗിച്ചും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്.  പദ്ധതിക്കായി 2023-24 വര്‍ഷം 200 കോടി രൂപ വകയിരുത്തുന്നു.

·                   എം.എസ്.എം.ഇ -കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു സ്ഥിരം സംവിധാനമായി കൊച്ചിയിലെ കാക്കനാട് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന ഒരു എക്സിബിഷന്‍ സെന്റര്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കും.  ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.

·                   ടെക്സ്റ്റയില്‍ മേഖല ഉള്‍പ്പെടെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലുള്ള പ്രോജക്ടുകളുടെ അനുബന്ധ പ്രവൃത്തികള്‍ക്കും പുതിയ പദ്ധതികള്‍ക്കുമായി 266.90 കോടി രൂപ വകയിരുത്തുന്നു.

·                   ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടര്‍സ് അസംബ്ലി & ടെസ്റ്റിംഗ് ഫെസിലിറ്റി (OSAT) എന്നത് സെമികണ്ടക്ടര്‍ മൂല്യ ശൃംഖലയിലെ സുപ്രധാന ഘടകമാണ്.  ഇത്തരം ടെസ്റ്റിംഗ് ഫെസിലിറ്റി യൂണിറ്റുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതാണ്.  നേരിട്ട് 1000 പേര്‍ക്കും പരോക്ഷ മായി 5000 പേര്‍ക്ക് വരെയും ജോലി നല്‍കാന്‍ കഴിയുന്ന ഈ പുതിയ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു.      

·                   ഇലക്ട്രോണിക് ഘടകങ്ങള്‍ക്കും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ക്കും പരസ്പര ബന്ധം നല്‍കുന്ന  പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പി.സി.ബി)-ന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് 14 കോടി രൂപ വകയിരുത്തുന്നു.

മെഡ്സ് പാര്‍ക്ക്

സര്‍,

·                   കേരളത്തില്‍ ഒരു മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം (കെ.എം.ടി.സി) രൂപീകരിക്കുമെന്നും തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.  തിരുവനന്തപുരത്തെ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ക്യാമ്പസില്‍ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വേണ്ടിയുള്ള സമര്‍പ്പിത വ്യവസായ പാര്‍ക്കായ മെഡ്സ് പാര്‍ക്ക് സജ്ജീകരിച്ചു.  2023-24-ന്റെ രണ്ടാം പകുതിയോടെ മെഡ്സ് പാര്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഇവിടേക്ക് മെഡ് ടെക് നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.ടി.സി നടത്തും.  ഡിജിറ്റല്‍ മെഡ് ടെക് മാര്‍ക്കറ്റ് പ്ലേസ് വികസിപ്പിക്കുന്ന തിനും കേരളത്തിലെ മെഡ് ടെക് മെഡിക്കല്‍ ഉപകരണ മേഖലയുടെ കൂടുതല്‍ പ്രോത്സാഹനത്തിനും കെ.എം.ടി.സിയെ സഹായിക്കുന്നതിനുമായി ബജറ്റില്‍
10 കോടി രൂപ വകയിരുത്തുന്നു.

·                   ധാതുമേഖലയുടെ വിവിധ വികസന പദ്ധതികള്‍ക്കായി 6.05 കോടി രൂപ വകയിരുത്തുന്നു.

വിവര സാങ്കേതിക വിദ്യ

·                   വിവര സാങ്കേതിക വിദ്യാ മേഖലയ്ക്കായി 559 കോടി രൂപ വകയിരുത്തുന്നു.

·                   കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന് 127.37 കോടി രൂപ അനുവദിക്കുന്നു.

·                   സ്റ്റേറ്റ് ഡാറ്റാ സെന്ററിനായി 53 കോടി രൂപ വകയിരുത്തുന്നു.

·                   IIITM-K യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കായി 46.60 കോടി രൂപ വകയിരുത്തുന്നു. 

·                   തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തന ങ്ങള്‍ക്കായി 26.60 കോടി രൂപയും,  കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിനായി 35.75 കോടി രൂപയും, കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 12.83 കോടി രൂപയും വകയിരുത്തുന്നു.

·                   പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് 201.09 കോടി രൂപ വകയിരുത്തുന്നു. 

·                   കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍) പദ്ധതിക്ക് 100 കോടി രൂപ അനുവദിക്കുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍ അര്‍ഹരായ 70,000 ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് കെ.ഫോണ്‍ പദ്ധതിക്ക് കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് 2 കോടി രൂപ അനുവദിക്കുന്നു.

സര്‍, 

·                   കേരള സ്പെയ്സ് പാര്‍ക്കിന് (കെ-സ്പെയ്സ്) 71.84 കോടി രൂപ വകയിരുത്തുന്നു.

·                   കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തുന്നു.  കൊച്ചി ടെക്നോളജി ഇന്നവേഷന്‍ സോണിന് 20 കോടി രൂപയും യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്കുള്ള 70.52 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. ഫണ്ട് ഓഫ് ഫണ്ട്സ്  വിഹിതത്തിനായി 30 കോടി രൂപ അധികമായി അനുവദിക്കുന്നതുള്‍പ്പെടെ ആകെ 120.52 കോടി രൂപ വകയിരുത്തുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

·                   ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കുള്ള വിഹിതം 2022-23 ല്‍ 1788.67 കോടി രൂപയായിരുന്നത് 2023-24 ല്‍ 2080.74 കോടി രൂപയായി ഉയര്‍ത്തുന്നു.  

·                   തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിംഗ് മേഖലയ്ക്കായി 80.13 കോടി രൂപ വകയിരുത്തുന്നു.

·                   ആലപ്പുഴ മറീന പോര്‍ട്ടിനായി 5 കോടി രൂപ വകയിരുത്തുന്നു.

·                   കേരളാ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തന ങ്ങള്‍ക്കായി 3 കോടി രൂപ വകയിരുത്തുന്നു.

·                   അഴീക്കല്‍, ബേപ്പൂര്‍ (കോഴിക്കോട്), കൊല്ലം, വിഴിഞ്ഞം, പൊന്നാനി എന്നീ തുറമുഖങ്ങളില്‍ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുറമുഖ അടിസ്ഥാന സൗകര്യ വികസന   പദ്ധതിക്കായി ആകെ 40.50 കോടി രൂപ വകയിരുത്തുന്നു.

സര്‍,

·                   കേരളത്തിന്റെ വടക്കു ഭാഗത്ത് തുറമുഖ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉദ്ദേശത്തോടെ അഴീക്കലില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് (ഔട്ടര്‍ ഹാര്‍ബര്‍) വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡ്-ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍ നാഷണല്‍ പോര്‍ട്ട് ആന്റ് സെസിന്റെ വികസന പദ്ധതിയുടെ ആകെ ചെലവ് 3698 കോടി രൂപയാണ്. പദ്ധതിയ്ക്കായി 9.74 കോടി രൂപ വകയിരുത്തുന്നു.

·                   ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1144.22 കോടി രൂപ വകയിരുത്തുന്നു.

പൊതുമരാമത്ത് വകുപ്പ് – റോഡുകളും പാലങ്ങളും

·                   സംസ്ഥാന പാതകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്കായി 75 കോടി രൂപ വകയിരുത്തുന്നു.

·                   പ്രധാന ജില്ലാ റോഡുകളുടെ വികസനവും മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ട പദ്ധതിക്കായി 288.27 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ 225 കോടി രൂപ സംസ്ഥാനത്തെ ഡിഫക്ട് ലയബിലിറ്റി പിരീഡ് കഴിഞ്ഞ പ്രധാന ജില്ലാ ബി.എം & ബി.സി റോഡുകളുടെ ആവര്‍ത്തന പരിപാലന ചെലവ് കുറയ്ക്കുന്നതിനായി ഓവര്‍ലെയിംഗ് പ്രവൃത്തിക്ക് മാത്രമായി അനുവദിക്കുന്ന ഒറ്റത്തവണ സഹായമായിരിക്കും.

·                   82 കിലോമീറ്റര്‍ നീളം വരുന്നതും 765.44 കോടി രൂപ ആകെ നിര്‍മ്മാണ ചെലവ് വരുന്നതുമായ പുനലൂര്‍-പൊന്‍കുന്നം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഇ.പി.സി മോഡിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതാണ്. 

·                   റെയില്‍വേ സുരക്ഷയുമായി  ബന്ധപ്പെട്ട പ്രവര്‍ത്തന ങ്ങള്‍ക്കായി 12.10 കോടി രൂപ വകയിരുത്തുന്നു.

·                   റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി 10.51 കോടി രൂപ വകയിരുത്തുന്നു.

·                   കേന്ദ്ര റോഡ് ഫണ്ട് പ്രവൃത്തികള്‍ക്കായി 61.85 കോടി രൂപ നീക്കി വയ്ക്കുന്നു.

റോഡ് ഗതാഗതം

·                   റോഡ് ഗതാഗത മേഖലയ്ക്കായി ആകെ 184.07 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ നിന്നും കെ.എസ്.ആര്‍.ടി.സി-ക്ക്  131 കോടി രൂപയും,  മോട്ടോര്‍ വാഹന വകുപ്പിന് 44.07 കോടി രൂപയും നീക്കിവയ്ക്കുന്നു.

സര്‍,

·                   കെ.എസ്.ആര്‍.ടി.സി വാഹന വ്യൂഹങ്ങളുടെ നവീകരണവും ഗുണനിലവാരം മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിഹിതം 2022-23 ല്‍ 50 കോടി രൂപയായിരുന്നത് 75 കോടി രൂപയായി ഉയര്‍ത്തുന്നു.

·                   KSRTC യുടെ അടിസ്ഥാന സൗകര്യ വികസനം, വര്‍ക്ക്ഷോപ്പ് ഡിപ്പോകളുടെ നവീകരണം മുതലായ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയും കമ്പ്യൂട്ടര്‍വത്ക്കരണവും ഇ-ഗവേണന്‍സും നടപ്പിലാക്കാ നായി  20 കോടി രൂപയും വകയിരുത്തുന്നു.

·                   പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാല്‍  കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെ കെട്ടിടത്തിന്റെ നിര്‍മ്മാണച്ചെലവില്‍ വലിയ കുറവാണുണ്ടായത്. വിഴിഞ്ഞം, ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ചെലവ് കുറഞ്ഞ നിര്‍മ്മാണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കും. ഇതിനായി 20 കോടി രൂപ അധികമായി അനുവദിക്കുന്നു.  

·                   ഇ-മൊബിലിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി
15.55 കോടി രൂപ വകയിരുത്തുന്നു.

·                   സംസ്ഥാനത്തെ ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ആകെ 141.66 കോടി രൂപ വകയിരുത്തുന്നു. ജലഗതാഗത വകുപ്പിന് പുതിയ ഗതാഗത ബോട്ടുകള്‍ വാങ്ങാന്‍ 24 കോടി രൂപ വകയിരുത്തുന്നു.

·                   ഉള്‍നാടന്‍ ജലമാര്‍ഗ്ഗത്തിലൂടെ വലിയ തോതില്‍ ചരക്ക് നീക്കുന്നതിനുള്ള ബാര്‍ജുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയ്ക്കായി
2.50 കോടി രൂപ വകയിരുത്തുന്നു.

·                   പുതിയ ക്രൂയിസ് വെസ്സല്‍ നിര്‍മ്മിക്കാന്‍ 4 കോടി രൂപ വകയിരുത്തുന്നു.

·                   ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിക്ക് 4.51 കോടി രൂപ വകയിരുത്തുന്നു.

·                   ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി
2.01 കോടി രൂപ വകയിരുത്തുന്നു.

വിനോദസഞ്ചാരം

·                   വിനോദസഞ്ചാര മേഖലയ്ക്ക്  362.15 കോടി രൂപ അനുവദിക്കുന്നു.

·                   കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റ‍ഡീസ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഫുഡ് ക്രാഫ്റ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ക്ക് 19.30 കോടി രൂപ അനുവദിക്കുന്നു.

·                   അന്തര്‍ദേശീയ ടൂറിസം പ്രചാരണത്തിനായി 81 കോടി രൂപ വകയിരുത്തുന്നു.

·                   തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൈതൃക ഉത്സവങ്ങള്‍ക്കും, പ്രാദേശിക, സാംസ്കാരിക പരിപാടികള്‍ക്കുമായി 8 കോടി രൂപയും 2024-കേരള ട്രാവല്‍മാര്‍ട്ട് സംഘടിപ്പിക്കുന്ന തിനായി 7 കോടി രൂപയും കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് 2 കോടി രൂപയും  വകയിരുത്തുന്നു.

·                   ടൂറിസം മേഖലയില്‍ വൈദ്യുതി സബ്സിഡിയിനത്തില്‍ 10 കോടി രൂപയും കാരവന്‍ ടൂറിസം സംരംഭങ്ങള്‍ക്കുള്ള സബ്സിഡിയിനത്തില്‍ 3.70 കോടി രൂപയും റിവോള്‍വിംഗ് ഫണ്ട് പദ്ധതി തുടരുന്നതിനായി 3 കോടി രൂപയും വകയിരുത്തുന്നു.

·                   പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന വികസനവും മറ്റ് സൗകര്യങ്ങളും സാധ്യമാക്കുന്നതിന് 135.65 കോടി രൂപ വകയിരുത്തുന്നു.

കാപ്പാട് ചരിത്ര മ്യൂസിയം

സര്‍,

·                   1498-ല്‍ വാസ്കോഡഗാമ കപ്പലിറങ്ങിയ കാപ്പാട് തുറമുഖം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പൗരാണിക പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ്.  കാപ്പാടിന്റെ ചരിത്രപരമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കും.  സാംസ്കാരിക-ടൂറിസം മേഖലയില്‍ കേരളത്തിലെ ഒരു പ്രമുഖ കേന്ദ്രമായി മാറാന്‍ കഴിയുന്ന ഈ മ്യൂസിയത്തിനായി 10 കോടി രൂപ വകയിരുത്തുന്നു.

ഓഷ്യനേറിയവും മ്യൂസിയവും

·                   പൗരാണികമായ വ്യാപാര കേന്ദ്രമാണ് കൊല്ലം. ചൈനീസ്, അറബ്, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികള്‍ കൊല്ലവുമായി കച്ചവട ബന്ധം സ്ഥാപിച്ചിരുന്നു. കൊല്ലത്തിന്റെ വ്യാപാര വാണിജ്യ ചരിത്രം വിശദീകരിക്കുന്ന ഒരു മ്യൂസിയവും അതോടൊപ്പം ഒരു ഓഷ്യനേറിയവും കൊല്ലം തങ്കശ്ശേരിയില്‍ സ്ഥാപിക്കും.  പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ യാകും ഓഷ്യനേറിയം സ്ഥാപിക്കുക.  ടൂറിസം രംഗത്തിന് ഗുണകരമാകുന്ന ഈ പദ്ധതിയ്ക്കായി 10 കോടി രൂപ വകയിരുത്തുന്നു.

·                   അതിഥി മന്ദിരങ്ങളുടെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നവീകരണ- പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 22 കോടി രൂപ വകയിരുത്തുന്നു.

·                   ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്കായി 9.50 കോടി രൂപ വകയിരുത്തുന്നു.

·                   ഹെറിറ്റേജ് ആന്റ് സ്പൈസ് റൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മുസിരിസ്, ആലപ്പുഴ, തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടുകള്‍ക്കായി 17 കോടി രൂപ നീക്കി വയ്ക്കുന്നു.

·                   ചാമ്പ്യന്‍സ് ബോട്ട് ലീഗിന്  12 കോടി രൂപ നീക്കിവയ്ക്കുന്നു.

ശാസ്ത്ര സേവനങ്ങളും ഗവേഷണവും

·                   ശാസ്ത്ര സാങ്കേതിക മേഖലയില്‍ “ഇന്നവേഷനും സംരംഭകത്വവും” എന്ന പദ്ധതിക്കായി 2 കോടി രൂപ നീക്കി വയ്ക്കുന്നു.

·                   കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് ആകെ 90.77 കോടി രൂപ വകയിരുത്തുന്നു.

കെ-ഡിസ്ക്

·                   സംസ്ഥാനത്തിന്റെ രണ്ടാം തലമുറ വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇന്നവേഷന്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഡിസ്ക് രൂപീകരിക്കപ്പെട്ടിട്ടുള്ളത്.  കെ-ഡിസ്കിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഒരു ഇന്നവേഷന്‍ സൗഹൃദ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്.  വിവിധ മേഖലകളിലായി നൂതനമായ നിരവധി പദ്ധതികള്‍
കെ-ഡിസ്ക് ഏറ്റെടുത്തിരിക്കുന്നു. ഇന്നവേഷന്റെ ആഗോള തലസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ലക്ഷ്യമാണ് കെ-ഡിസ്കിനുള്ളത്.  2023-24 ല്‍ കെ-ഡിസ്കിനായി
100 കോടി രൂപ വകയിരുത്തുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐ.എ.വി.)

·                   27000 ചതുരശ്ര അടി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ലബോറട്ടറി സൗകര്യം വികസിപ്പിക്കുന്നതിന്  80000 ചതുരശ്ര അടി കൂട്ടിച്ചേര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നു.  വിപുലമായ മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക് സൗകര്യം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്.  അത്യാധുനിക ബയോസേഫ്റ്റി ലെവല്‍-3 ലാബുകള്‍, ഇന്‍സ്ട്രമെന്റേഷന്‍ സൗകര്യങ്ങള്‍, പരീക്ഷണ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കുന്നതാണ്.  ഇന്‍സ്റ്റിറ്റ്യൂട്ടിനായി 50 കോടി രൂപ വകയിരുത്തുന്നു.

·                   തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്
81 കോടി രൂപ വകയിരുത്തുന്നു.

·                   ആര്‍.സി.സി. -യെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് ആകെ 120 കോടി രൂപ ചെലവ് വരും.  ഇതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ആദ്യഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്.  പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 13.80 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തുന്നു.

·                   മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് കീഴില്‍ 28 കോടി രൂപ അനുവദിക്കുന്നു.

·                   കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടന്ന് വരുന്നു. കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് കീഴില്‍ 14.50 കോടി രൂപ അനുവദിക്കുന്നു.

·                   പരിസ്ഥിതി ആവാസ വ്യവസ്ഥാ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ആകെ 26.38 കോടി രൂപ വകയിരുത്തുന്നു.

വിദ്യാഭ്യാസം

·                   വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കിവയ്ക്കുന്നു.

·                   സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയില്‍ നിന്നും 95 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നു.

·                   സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്നതി നായി 140 കോടി രൂപ വകയിരുത്തുന്നു.

·                   ഓട്ടിസം പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിക്കുന്നു.

·                   സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തുന്നു.

·                   സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി രൂപ നീക്കിവയ്ക്കുന്നു.

·                   ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതമായി 344.64 കോടി രൂപ വകയിരുത്തുന്നു.

ഉന്നത വിദ്യാഭ്യാസം

സര്‍,

·                   കൂടുതല്‍ മികവു കൈവരിക്കുന്നതിന്  സര്‍വ്വകലാശാല കളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സഹായിക്കുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതിയ്ക്ക്‌
2023-24 ല്‍ രൂപം നല്‍കും. ഇതിനായി 816.79 കോടി രൂപ ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസ ത്തിനുമായി വകയിരുത്തിയിട്ടുണ്ട്‌. 

ട്രാന്‍സ്ലേഷണല്‍ ഗവേഷണത്തിനായി റിസ്ക് ഫണ്ട്

·                   ഗവേഷണ ഫലങ്ങളെ ഉല്‍പ്പാദനപ്രക്രിയയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാഡമിക് സ്ഥാപനങ്ങളോടൊപ്പം ചേര്‍ന്ന് വിജ്ഞാനോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള റിസ്ക് കുറയ്ക്കുന്നതിനായി ഒരു ഗവേഷണ ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.  സാങ്കേതികവിദ്യകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യുന്നതിനായി വ്യവസായങ്ങളും സര്‍വ്വകലാശാലകളും കൂടിച്ചേര്‍ന്ന് രൂപീകരിക്കുന്ന
SPV-യില്‍ മൂലധന നിക്ഷേപത്തിനായി ഈ ഫണ്ട് ഉപയോഗിക്കും.  വിജയകരമായി പ്രവര്‍ത്തിക്കുന്ന എസ്.പി.വികളുടെ വരുമാനത്തില്‍ നിന്നും ഫണ്ട് തിരിച്ചുപിടിക്കും.  ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി 10 കോടി രൂപ നീക്കിവയ്ക്കുന്നു.

·                   ഉന്നതവിദ്യാഭ്യാസ കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ച വിധത്തില്‍ കേരളത്തിലെ വിവിധ വൈജ്ഞാനിക മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‌ 14 കോടി രൂപ വകയിരുത്തുന്നു.

·                   ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 19 കോടി രൂപ വകയിരുത്തുന്നു.    

·                   കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക്‌ സയന്‍സസ്‌, കോസ്റ്റല്‍ ഇക്കോസിസ്റ്റം സ്റ്റഡീസ്‌, ക്വാണ്ടം കമ്പ്യൂട്ടിംഗ്‌ കേന്ദ്രം, പ്രോട്യോമിക്സ്‌ ആന്റ്‌ ജീനോമിക് റിസര്‍ച്ച്‌ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കും.

സര്‍,

·                   തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാഡമിക് കോംപ്ലക്സ് നീര്‍മ്മിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം 10 കോടി രൂപ അനുവദിക്കുന്നു.

·                   തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന്‌ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ്‌ നല്‍കുന്നത്. നൈപുണ്യവികസനം ഉറപ്പുവരുത്തുന്നതിന്‌ Additional Skill Acquisition Programme (ASAP)-ന് 35 കോടി  രൂപ വകയിരുത്തുന്നു.

·                   സര്‍വ്വകലാശാലകളുടെ അക്കാദമിക്‌ രംഗത്തെ
മികവ്‌ മാറ്റുരയ്ക്കുന്നതിനായി അന്തര്‍സര്‍വ്വകലാശാല അക്കാദമിക്‌ ഫെസ്റ്റിവല്‍ ഈ വര്‍ഷം ആരംഭിക്കും.

·                   ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‌ ഗവണ്‍മെന്റ് കോളേജുകള്‍ക്ക്‌ 98.35 കോടി രൂപ ധനസഹായം നല്‍കും.

·                   ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന തിനുള്ള അടിയന്തര നടപടിയെന്ന നിലയില്‍ സര്‍വ്വകലാശാല-കോളേജ് തലങ്ങളിലെ ഗസ്റ്റ് ലക്ചറര്‍മാര്‍ക്കുള്ള പ്രതിഫലം വര്‍ദ്ധിപ്പിക്കും.

·                   രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന് കീഴിലുള്ള വിവിധ ഘടകങ്ങളുടെ നടത്തിപ്പിന് സംസ്ഥാന വിഹിതമായി 50 കോടി രൂപ വകയിരുത്തുന്നു.

സാങ്കേതിക വിദ്യാഭ്യാസ മേഖല

·                   സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കായി 2023-24 വര്‍ഷത്തേക്ക് 252.40 കോടി രൂപ വകയിരുത്തുന്നു. 

·                   കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി മ്യൂസിയത്തിന്റെ (KSSTM) തിരുവനന്തപുരം കാമ്പസ്, ചാലക്കുടി, പരപ്പനങ്ങാടി റീജിയണല്‍ സയന്‍സ് സെന്ററുകള്‍, സയന്‍സ് സിറ്റി- കോട്ടയം എന്നിവയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23 കോടി രൂപ അനുവദിക്കുന്നു.

·                   ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40.50 കോടി രൂപ വകയിരുത്തുന്നു. 

·                   ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജുകളുടെ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 43.20 കോടി രൂപ വകയിരുത്തുന്നു. 

·                   സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് നിലവിലുള്ള സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളിലും മെറ്റീരിയല്‍ ടെസ്റ്റിംഗ് & സര്‍ട്ടിഫിക്കേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതാണ്.

സര്‍,  

·                   കണ്ണൂര്‍ ജില്ലയില്‍ പിണറായി കേന്ദ്രമായി സ്ഥാപിക്കുന്ന എഡ്യൂക്കേഷന്‍ ഹബില്‍ ഒരു പോളിടെക്നിക്ക് ആരംഭിക്കുന്നതാണ്.

കലയും സംസ്കാരവും

·                   കലാ സാംസ്കാരിക മേഖലയുടെ വികസനത്തിനായി 183.14 കോടി രൂപ വകയിരുത്തുന്നു. 

·                   കലാകാരന്മാര്‍ക്ക് നല്‍കുന്ന സഹായം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഫെലോഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

·                   യുവ കലാകാരന്‍മാര്‍ക്കായുളള വജ്രജൂബിലി ഫെലോഷിപ്പ്’ പദ്ധതിക്കായി 13 കോടി രൂപ വകയിരുത്തുന്നു.      

·                   പുരാവസ്തു വകുപ്പിന് 20.90 കോടി രൂപയും, മ്യൂസിയം & സൂ ഡയറക്ടറേറ്റിന് 28.75 കോടി രൂപയും സാംസ്കാരിക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 113.29 കോടി രൂപയും വകയിരുത്തുന്നു.